കോഴിക്കോട്: ഭരണഘടന തിരുത്തിയെഴുതാനുള്ള കേന്ദ്ര നീക്കത്തിന്റെ തുടക്കമാണ് സാമ്പത്തിക സംവരണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരവാദിത്തം മറന്നുവെന്നും കാന്തപുരം വിമര്‍ശിച്ചു. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സാമ്പത്തിക സംവരണത്തെ പിന്തുണച്ച സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ വിമര്‍ശനം. ഭരണഘടന തിരുത്തിയെഴുതേണ്ടതുണ്ട് എന്ന പൊതു ധാരണ സൃഷ്ടിക്കാനാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാന്തപുരം ആരോപിച്ചു.
സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക അസമത്വം കൂടുതല്‍ വ്യവസ്ഥാപിതമാകും. സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയാണ്. ബില്ലിന് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ പിന്തുണ ഭരണഘടനക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാരിന് ആത്മ വിശ്വാസം നല്‍കും. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്ക് വിശാല കാഴ്ചപ്പാടില്ലാതെ പോയത് ഖേദകരമാണ്. ആവശ്യമായ മുന്‍കരുതലുകളും ചര്‍ച്ചകളും ഇല്ലാതെ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തവര്‍ പൗരന്മാരോട് കടുത്ത അനീതിയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ നിയമപരമായി നേരിടാനുള്ള നീക്കങ്ങള്‍ക്ക് സുന്നി സംഘടനകളുടെ ദേശീയതലത്തിലുള്ള കൂട്ടായ്മ പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ സമാന മനസ്‌കരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കാന്തപുരം അറിയിച്ചു.
Post Your Comments