കൊച്ചി: എന്‍ഡിഎയ്ക്കൊപ്പം ബിഡിജെഎസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസുമായി ബിജെപിക്ക് യാതൊരു ഭിന്നതയും ഇല്ലെന്ന് പി.എസ് ശ്രീധരന് പിള്ളയും പറഞ്ഞു. ബിഡിജെഎസുമായുള്ള വിഷയങ്ങള്‍ പറഞ്ഞു തീര്‍ത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുവതി പ്രവേശനത്തിലെ എന്‍ഡിഎ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാമതിലും, ശബരിമലയിലെ യുവതി പ്രവേശവും, സീറ്റ് വിഭജനവും ചര്‍ച്ചയായി.
വനിതാമതിലില്‍ താനടക്കമുള്ളവര്‍ പങ്കെടുത്തിരുന്നില്ലെന്നും നവോത്ഥാനമെന്ന ആശയത്തിന് പിന്തുണ നല്‍കാനാണ് വനിതാമതിലിനെ പിന്തുണച്ചതെന്നും ബിഡിജെഎസ് യോഗത്തില്‍ വിശദീകരിച്ചു. ആചാര സംരക്ഷണത്തിനൊപ്പം നിന്നിട്ട് വനിതാ മതിലിനെ പിന്തുണച്ചത് ശരിയായില്ലെന്ന് എന്‍.ഡി.എ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബിഡിജെഎസിന്റെ പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എട്ട് സീറ്റുകള്‍ ബിഡിജെഎസ് ചോദിച്ചതായാണ് സൂചന. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളാണ് ബിഡിജെഎസ് യോഗത്തില്‍ ചോദിച്ചത്. ഇത്രയും സീറ്റുകള്‍ വിട്ടുനല്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ബിജെപി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചനടത്താമെന്ന് ബിഡിജെഎസിനെ അറിയിച്ചു.
Post Your Comments