Latest NewsKeralaIndia

സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാത്തത് വലിയ നഷ്ടമുണ്ടാക്കുമെന്ന് പാര്‍ട്ടിക്കാരന്റെ ഭീഷണി : ജെ. ദേവികയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ഇത്രയും കാലം സി പി എമ്മിനെ വാഴ്ത്തിപ്പാടിയല്ല താന്‍ കഴിഞ്ഞതെന്ന് എഴുത്തുകാരി ജെ ദേവിക. സി പി എം അനുഭാവിയായ ഒരു പരിചയക്കാരന്റെ ഭീഷണിയാണ് ഇങ്ങനെ കാര്യം വ്യക്തമായി പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ജെ ദേവിക വ്യക്തമാക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിലാണ് ദേവിക തന്റെ നിലപാട് വ്യക്തമാക്കിയത്. നിങ്ങള്‍ സിപിഎമ്മിനോട് ചേര്‍ന്നുനില്‍ക്കാന്‍ വിസമ്മതിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും, ആരും നിങ്ങള്‍ എഴുതുന്നത് വായിക്കാതെയാകുമെന്നും സിപിഎം അനുഭാവിയായ ഒരു ഫേസ്ബുക്ക് പരിചയക്കാരന്‍ ഭീഷണിപ്പെടുത്തി. സിപിഎമ്മിനെ വാഴ്ത്തിപ്പാടിയല്ല ഇത്രയും നാള്‍ കഴിഞ്ഞതെന്നാണ് ദേവിക നല്‍കുന്ന മറുപടി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

നിങ്ങള്‍ സിപിഎമ്മിനോട് ചേര്‍ന്നുനില്‍ക്കാന്‍ വിസമ്മതിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും, ആരും നിങ്ങള്‍ എഴുതുന്നത് വായിക്കാതെയാകുമെന്നും സിപിഎം അനുഭാവിയായ ഒരു ഫേസ്ബുക്ക് പരിചയക്കാരന്‍ ഭീഷണിപ്പെടുത്തി. സിപിഎമ്മിനെ വാഴ്ത്തിപ്പാടിയല്ല ഇത്രയും നാള്‍ കഴിഞ്ഞതെന്നോ, ഒന്നുമില്ലെങ്കിലും നന്നായി ഭക്ഷണമുണ്ടാക്കും, കടയിലൊക്കെ കിട്ടുന്നതിലും ഉഗ്രന്‍ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ അറിയാം, അതുകൊണ്ട് പെഴച്ചുകൊള്ളാം എന്നു പറയാനാണ് ആദ്യം തോന്നിയത്.

പിന്നെ എന്റെ എഴുത്തിനെപ്പറ്റിയും അതു വായിക്കുന്നവരെപ്പറ്റിയും ആലോചിച്ചു നോക്കി. പ്രഥമവും പ്രധാനവുമായി ഞാനെഴുതുന്നത് എനിക്കു തന്നെ മനസില്‍ തെളിച്ചമുണ്ടാകാനാണ്. എന്നോടു ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഞാനെപ്പോഴും ഉത്തരമന്വേഷിച്ചിട്ടുള്ളത്. ഈ നിലപാടു കൊണ്ട് കുറേ ഗുണമുണ്ട്.
അതുകൊണ്ട് കുറ്റമറ്റ രീതിയില്‍ അന്വേഷിക്കണമെന്നും, വാദത്തില്‍ പിഴ കടന്നുകൂടെന്നുമുള്ള വാശി ഉണ്ട്. എന്നാല്‍ ആരുടെയും പ്രശംസ പോയിട്ട്, ശ്രദ്ധ പോലും വേണമെന്ന നിര്‍ബന്ധമേ ഉണ്ടാകില്ല, കാരണം നമ്മള്‍ നമുക്കു വേണ്ടിയാണല്ലോ എഴുതുന്നത് !!

സാമൂഹ്യശാസ്ത്രപഠനരംഗത്തു ജോലി ചെയ്യുന്നതുകൊണ്ട് ഈ എഴുത്തു പങ്കുവയ്‌ക്കേണ്ടി വരുന്നു എന്നത് സത്യം. അക്കാദമിക വൃത്തങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ അതിനു മതിയാവില്ല, അതുകൊണ്ടു കൃത്യത കൈവിടാത്ത, എന്നാല്‍ അക്കാദമികേതരമായ, ഭാഷകള്‍ കണ്ടെത്തുന്നത് വളരെ രസകരമായ വെല്ലുവിളിയാണ്. ഇന്ത്യയില്‍ സാമൂഹ്യശാസ്ത്രജ്ഞര്‍ക്ക് ശംബളം കൊടുക്കുന്നത് ജനാധിപത്യത്തെ പോഷിപ്പിക്കുന്ന, അതിനെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്ന, ജാഗ്രത പുലര്‍ത്താന്‍ വേണ്ടിയാണെന്നാണ് എന്റെ വിശ്വാസം.

അപ്പോള്‍ മലയാളത്തിന്റെയും ഇംഗ്‌ളിഷിന്റെയും പല അടരുകളിലൂടെ സഞ്ചരിക്കുന്നതാണ് ഈ തൊഴില്‍ കൊണ്ടുള്ള പല സന്തോഷങ്ങളില്‍ ഒന്ന്.പക്ഷേ ആലോചിച്ചു നോക്കിയപ്പോള്‍ എനിക്കു മനസിലായി, ഈ ഉത്തരവാദിത്വം പോലുമല്ല സത്യത്തില്‍ എന്നെ പ്രചോദിപ്പിക്കുന്നത്. കുട്ടിക്കാലത്ത് തൊട്ടടുത്ത വീട്ടില്‍ അവധിക്കു വന്ന ഒരു കുട്ടി, തന്നെ പരിചയപ്പെടാന്‍ കൂട്ടാക്കാത്ത ഒരു കുട്ടി, എന്നും തനിക്കായി എന്തെങ്കിലും ഒരു സമ്മാനം ബാക്കിവച്ചു പോകുമായിരുന്നു എന്നും, അതുപോലെ വായനക്കാര്‍ക്ക് താന്‍ കൊടുക്കുന്ന സമ്മാനം ആണ് തന്റെ എഴുത്തെന്നും പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ഓര്‍ക്കുന്നു.

ഏതാണ്ടതുപോലെയാണ് എനിക്ക് എഴുത്തിനോടുള്ള ബന്ധവും. ഞാന്‍ നാലില്‍ പഠിക്കുംപോള്‍ മോറല്‍ സയന്‍സ് ക്‌ളാസിലെ ടീച്ചറോട് നല്ല മനുഷ്യത്തിയാവാനുള്ള ഏറ്റവും എളുപ്പവഴിയേതാണെന്ന് ചോദിച്ചു. അപ്പോള്‍ ആ വൃദ്ധയായ കന്യാസ്ത്രീ പറഞ്ഞു, എളുപ്പമാണ്, എല്ലാ ദിവസവും ആരെയെങ്കിലും സന്തോഷിപ്പിച്ചാല്‍ മതി. ഞാന്‍ വീട്ടില്‍ പോയി വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ നോക്കി. പക്ഷേ ആ ചെയ്തതെല്ലാം എന്റെ കടമ മാത്രമാണെന്നു തീരുമാനിച്ച വീട്ടുകാര്‍ അധികമൊന്നും സന്തോഷിച്ചതായി തോന്നിയില്ല.

മാത്രമല്ല, ഒത്തിരി കുറ്റം പറയുകയും ചെയ്തു.അപ്പോള്‍ ഞാന്‍ കന്യാസ്ത്രീ ടീച്ചറോട് ചോദിച്ചു, ഇതിലും എളുപ്പം വഴി വല്ലതും ഉണ്ടോ. അപ്പോള്‍ അവര്‍ പറഞ്ഞു, ഒരു കാര്യം ചെയ്യൂ, വാടി നില്‍ക്കുന്ന ചെടി കണ്ടാല്‍ വെള്ളം നനയ്ക്കൂ, അല്ലെങ്കില്‍ വിശന്നുവലഞ്ഞ പട്ടിയ്‌കോ പൂച്ചയ്‌ക്കോ വല്ലതും തിന്നാന്‍ കൊടുക്കൂ. ഞാന്‍ വീട്ടിലും തൊടിയിലും നടന്ന് ചെടിക്കെല്ലാം വെള്ളമൊഴിച്ചു ഇപ്പോഴും എവിടെങ്കിലും വാടി നില്‍ക്കുന്ന ചെടി കണ്ടാല്‍ ബക്കറ്റ് കടം വാങ്ങി വെള്ളമൊഴിക്കും. പൂച്ച പട്ടി തുടങ്ങിയവയ്ക്ക് വീട്ടിനു പുറത്തായി ചോറു കൊടുക്കുന്നത് വീട്ടില്‍ കുറ്റകരമായിരുന്നെങ്കിലും അതു ധൈര്യമായി ചെയ്ത് ചീത്തയൊക്കെ കേട്ട് സ്വയം ആളായി.

എന്നിട്ടും തൃപ്തിയാവാതെ കന്യാസ്ത്രീയോട് വീണ്ടും ഞാന്‍ ചോദിച്ചു, മനുഷ്യരെ എങ്ങനെ സന്തോഷിപ്പിക്കാം? അപ്പോള്‍ അവര്‍ പറഞ്ഞു, സ്‌ക്കൂളില്‍ ആരുടെയെങ്കിലും പിറന്നാളായിരിക്കുമല്ലോ, എന്നും, അപ്പോള്‍ കിട്ടുന്ന മിഠായിയില്‍ ഒരെണ്ണം എവിടെയെങ്കിലും കൊണ്ടുവയ്ക്കുക. മറ്റുള്ളവര്‍ കാണുന്നിടത്ത്. എന്നിട്ട് മാറിപ്പോവുക. അപ്പോള്‍ അതിലെ വരുന്ന ഏതെങ്കിലും കുട്ടി അതു കാണും, എടുക്കും. അപ്രതീക്ഷിതമായി മിഠായി കിട്ടുന്നത് എത്ര സന്തോഷമാണ് !!

അതെനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ആയിടെ അച്ഛന്റെ ഒരു സുഹൃത്ത് എനിക്കു പിറന്നാളിന് ഒരു കൂട് ചോക്ലേറ്റ് എക്‌ളയര്‍ മിഠായി വാങ്ങിത്തന്നിരുന്നു. അതില്‍ ഓരോന്നെടുത്ത് അതിരാവിലെ (അതിരാവിലെ സ്‌കൂളില്‍ എത്തിയിരുന്നു, അന്നൊക്കെ) സ്‌കൂളിലെ പൊതു ടാപ്പുകളുടെ വശത്തായി, പടിക്കെട്ടിന്റെ സൈഡില്‍ ഒക്കെയായി, പതുങ്ങി കൊണ്ടു വയ്ക്കും ഞാന്‍. പലപ്പോഴും സന്തോഷത്തോടെ മറ്റു കുട്ടികള്‍ അത് എടുത്തുകൊണ്ടു പോകുന്നതു കണ്ടിട്ടുണ്ട്.

അങ്ങനെ കുട്ടികള്‍ എടുത്തില്ലെങ്കിലോ എന്നാലോചിച്ചപ്പോള്‍ തോന്നി, സാരമില്ല, കുട്ടികള്‍ എടുത്തില്ലെങ്കില്‍ ഉറുംബോ അണ്ണാനോ കാക്കയോ ഒക്കെ കൊണ്ടുപോകും. അവര്‍ക്കുമുണ്ടല്ലോ സന്തോഷം, നമുക്കതുമതി. പിന്നെ വലുതാകും തോറും ഞാന്‍ ഇതു പോലെ വള, മാല, പേന, പെന്‍സില്‍, റബ്ബര്‍, ഒക്കെ വച്ചുപോകുമായിരുന്നു.

എന്റെ എഴുത്ത് ഞാന്‍ അവിടെയും ഇവിടെയുമൊക്കെയായി വച്ചു പോകുന്ന ചെറിയചെറിയ സമ്മാനങ്ങളാണ്. ആരെടുക്കുന്നുവെന്നു നോക്കാറില്ല. എന്തിനെങ്കിലും ഉപകരിക്കും ആര്‍ക്കെങ്കിലും അത്രയേ ഞാന്‍ നോക്കൂ. അതിനേ എനിക്കു നേരമുള്ളൂ. അതുകൊണ്ട് സിപിഎം അനുഭാവികള്‍ വായിക്കണ്ട, അരെങ്കിലും വായിച്ചാല്‍ മതി. അവരാരെന്നും എനിക്കറിയണ്ട. നിങ്ങള്‍ക്കാര്‍ക്കും ഉതകിയില്ലെങ്കില്‍ ഭാവിയില്‍ ആര്‍ക്കെങ്കിലും.

എഴുതിക്കഴിഞ്ഞാല്‍ എഴുത്തിന്റെ, ആലോചനയുടെ, ആനന്ദം അവസാനിക്കുന്നു. പിന്നെ അതിനെച്ചൊല്ലി അധികമൊന്നും വേവലാതിപ്പെടാന്‍ എനിക്കു കഴിയാറില്ല.

സിപിഎമ്മിനോടു ചേര്‍ന്നു നിന്നില്ലെങ്കില്‍ എന്റെ കാര്യം പോക്കാണെന്നു പറഞ്ഞ സുഹൃത്തെ, പല കാര്യങ്ങളിലും ആ എട്ടാം വയസിനു ശേഷം ഒറ്റ ദിവസം പോലും മാറിയിട്ടില്ലാത്ത ജീവിയാണ് ഞാന്‍.

shortlink

Related Articles

Post Your Comments


Back to top button