Latest NewsKeralaNews

‘അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാന്‍ ശ്രമിച്ചു’: സിവിക് ചന്ദ്രനെതിരെ ചിത്തിര കുസുമന്‍

ദളിത് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിവിക് ചന്ദ്രനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ വിമർശിച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍. സിവിക് ചന്ദ്രന് പിന്തുണയുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ ദേവിക രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചിത്തിരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇത്തരത്തിലുള്ള ഒരാള്‍ക്ക് സ്ത്രീകള്‍ തന്നെ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റെന്നും ചിത്തിര പറയുന്നു.

ചിത്തിര കുസുമത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇത് ഞാന്‍ പറയേണ്ട കാര്യമല്ല എന്ന ധാരണയിലാണ് സിവിക് ചന്ദ്രനെ പേരെടുത്തു പറഞ്ഞ് ഇതുവരെ ഒരു പോസ്റ്റ് ഇടാതിരുന്നത്. അയാള്‍ക്ക് സ്ത്രീകള്‍ തന്നെ വലിയ പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത് പറയുന്നതാണ് ശരി. ഞാന്‍ ആദ്യമായും അവസാനമായും സിവിക് ചന്ദ്രനെ കണ്ടത് ഒരു കൂട്ടായ്മയിലാണ്. അവിടെ ഉണ്ടായിരുന്ന ആരെയും പേരെടുത്തു പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിവിക്കിനെ വലിയ രാഷ്ട്രീയജീവിതമുള്ള ഒരാളായിട്ട് മാത്രമായിരുന്നു എനിക്ക് കേട്ടു പരിചയം, അതുകൊണ്ടുതന്നെ ആ ബഹുമാനത്തിലാണ് കൂടിയിരുന്നു സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ പ്രായത്തില്‍ ഇളയ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന കൂട്ടായ്മയില്‍ കൂടിയിരുന്നു സംസാരിച്ച സമയത്തിന്റെ പകുതിയും തന്നെ ചെറിയ പ്രായത്തിലെ പെണ്‍കുട്ടികള്‍ ആരാധനയോടെ പ്രേമിക്കുന്നു എന്ന, പൊങ്ങച്ചമാണെന്ന് അയാള്‍ക്കും വൃത്തികേടാണെന്ന് എനിക്കും തോന്നുന്ന വര്‍ത്തമാനമാണ് അയാള്‍ പറഞ്ഞതത്രയും.

അതോടെ ഈ മനുഷ്യനെ സൂക്ഷിക്കണം എന്ന് തോന്നിയിരുന്നു, ഒന്നോ രണ്ടോ സംവാദങ്ങള്‍ നേരില്‍ കഴിഞ്ഞപ്പോഴേക്ക് നമ്മളൊക്കെ മുതിര്‍ന്ന ആളുകളല്ലേ എന്നൊരു ലൈനായി പിന്നെ. എന്നോട് അധികസംസാരത്തിന് അയാള്‍ നിന്നില്ല. ആകെ രണ്ടു ദിവസമാണ് ഒരുമിച്ചുണ്ടായത്, പിരിയുന്നതിന്റെ തലേ ദിവസം രാത്രി ആണും പെണ്ണും എല്ലാവരും കൂടെ മദ്യപിച്ചു. ഞാന്‍ മദ്യപിക്കാത്ത ആളായതുകൊണ്ട് അവരെ വിട്ടിട്ട് മാറിയിരിക്കുകയാണുണ്ടായത്. അതിനു ശേഷം രാത്രി പുറത്തിറങ്ങിയിരുന്നു സംസാരിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി അല്പം തളര്‍ന്ന് പിറകില്‍ തനിയെ മാറിയിരുന്നിരുന്നു. എന്റെ അമ്മച്ചി / ചേച്ചി സ്വഭാവം കൊണ്ട് അവള്‍ ഓക്കേ അല്ലേ എന്ന് ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒരുവട്ടം നോക്കുമ്പോള്‍ സിവിക് അവളുടെ അടുത്ത് വന്നിരിക്കുന്നുണ്ട്, ഞാന്‍ ആ കുട്ടിയോട് എന്റെയടുത്തേക്ക് പോരാന്‍ പറഞ്ഞെങ്കിലും അവള്‍ക്ക് എഴുന്നേറ്റു ഞാനിരിക്കുന്ന ഇടം വരെ എത്താന്‍ പറ്റുമായിരുന്നില്ല.കൂടെയുള്ള ആണ്‍കുട്ടികളോട് അവളെ നോക്കണേ എന്ന് പറഞ്ഞു, പിന്നീട് നോക്കുമ്പോള്‍ അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ എഴുന്നേറ്റ് അവിടെ എത്തുമ്പോഴേക്ക് അയാള്‍ എണീറ്റുപോയി.

ആ കുട്ടി സങ്കടത്തിലും അപമാനത്തിലുമായിരുന്നു. ഞാന്‍ ചോദിച്ചു അയാളോട് ഞാന്‍ സംസാരിക്കണോ, പിടിച്ച് ഒരെണ്ണം കൊടുക്കട്ടെ എന്നൊക്കെ. അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളില്‍ നിന്ന് ഉണ്ടായ ആ അപ്രതീക്ഷിതപെരുമാറ്റം കൊണ്ടാണോ അതോ ഇതിനും മുന്‍പ് നേരിട്ടിട്ടുണ്ടാകാവുന്ന എന്തോ ട്രോമ കൊണ്ടാണോ എന്നറിയില്ല, വേണ്ട ചേച്ചീ എന്നു പറഞ്ഞ് സുരക്ഷിതത്വം ഉറപ്പിക്കാന്‍ എന്നവണ്ണം എന്നോട് ചേര്‍ന്നിരിക്കുകയാണ് ആ കുട്ടി ചെയ്തത്. അയാളെ എന്നപോലെ അവളെയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഒരാള്‍ വേണ്ട എന്ന് പറയുന്നിടത്തുകയറി ഇടപെടുന്നത് ശരിയല്ല എന്ന ബോധ്യത്തില്‍ അത് ചെയ്യാതിരിക്കുകയും അവിടെ നിന്ന് പോകുന്ന സമയം വരെ അവള്‍ സേഫ് ആണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിനുശേഷം അയാളോട് ഒരുവിധത്തിലുള്ള കൊണ്ടാക്റ്റും സൂക്ഷിച്ചിട്ടില്ല, പാഠഭേദത്തില്‍ കവിത ചോദിച്ചിട്ട് കൊടുത്തതുമില്ല. പെണ്‍കുട്ടികളും സ്ത്രീകളും കൂടെ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് നിങ്ങളെ ആരെയും കണ്ടുമോഹിച്ചിട്ടല്ല. നിങ്ങള്‍ ഇല്ലെങ്കിലും അവര്‍ അതേ നടപ്പ് നടക്കും. കൂടെയിരുന്നു മദ്യപിച്ചാല്‍ അതിന്റെ അര്‍ത്ഥം കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല, നിങ്ങളെ അവര്‍ തുല്യരായി കാണുന്നു എന്നുമാത്രമാണ്. അത്ര പോലും മനസിലാക്കാത്ത പുരുഷന്മാരോടും, സിവിക്കിനെ പോലുള്ള ആളെ ഒരു പെണ്‍കുട്ടിയുടെ ആരോപണം പോലും വകവെക്കാതെ താങ്ങുന്ന സ്ത്രീകളോടും കഷ്ടം എന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് എന്നെങ്കിലും നേരം വെളുക്കുമായിരിക്കും, എല്ലാ ആശംസകളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button