
കോഴിക്കോട്: കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക. ഇനിമുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നതുള്‍പ്പെടെയുള്ള നാല് തീരുമാനങ്ങളാണ് അവര്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ജെ ദേവിക മുന്നോട്ട് വെച്ച നാല് തീരുമാനങ്ങൾ:
- ഇനിമുതൽ ഹിജാബ്ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയിൽ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും ഞാനില്ല.
- ഞാൻ നടത്തുന്ന ഏതൊരു അപ്പോയിൻമെൻറിലും ഹിജാബി വനിതകളെ നിർബന്ധമായും പരിഗണിക്കും.
- ഹിജാബികളായ വിദ്യാർത്ഥിനികളെ എന്നാലാകുംവിധം പരമാവധി സഹായിക്കും.
- അവർ നടത്തുന്ന സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കും.
അതേസമയം, കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല.
Post Your Comments