തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷനില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കെ ആരോപണ വിധേയയായ അന്നത്തെ കൊല്ലം കളക്‌ടര്‍ ഷൈനമോളെ ഉള്‍പ്പെടുത്തി മുഖ്യമന്ത്റിയുടെ ഓഫീസില്‍ രഹസ്യയോഗം ചേര്‍ന്നത് വിവാദമായി. ഈമാസം 31ന് സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചകള്‍ മറച്ചുവയ്‌ക്കാനാണ് യോഗം ചേര്‍ന്നതെന്നാണ് ആരോപണം. ദുരന്തത്തിന്റെ ഉത്തരവാദിത്വം പൊലീസില്‍ കെട്ടിവച്ച് കളക്ടറെ രക്ഷിക്കാനാണത്രേ നീക്കം.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് നടന്ന യോഗത്തില്‍ ഇപ്പോള്‍ ജി.എസ്.ടി അഡിഷണല്‍ കമ്മിഷണറായ ഷൈന മോള്‍ക്ക് പുറമേ മുഖ്യമന്ത്റിയുടെ സെക്രട്ടറി നളിനി നെറ്റോ, ഗവണ്‍മെന്റ് പ്ലീഡര്‍ അനന്തകൃഷ്ണന്‍, മുഖ്യമന്ത്റിയുടെ സ്റ്റാഫ് അംഗം എന്നിവരാണ് പങ്കെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്റി ഓഫീസില്‍ ഇല്ലായിരുന്നു.
പൊലീസുകാരെ പ്രതികൂട്ടിലാക്കാന്‍ ഗൂഢാലോചന നടക്കുന്നതിനാല്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്റിക്ക് കത്ത് നല്‍കി. ഗവണ്‍മെന്റ് പ്ലീഡറെ വിളിച്ചിട്ടും ഡി.ജി.പിയെയോ പൊലീസ് ഉദ്യോഗസ്ഥരെയോ യോഗത്തിന് വിളിച്ചില്ല.
ജുഡിഷ്യല്‍ കമ്മിഷനായ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അന്വേഷണത്തില്‍, ഷൈനമോള്‍ പ്രതിരോധത്തിലാണ്. ക്ഷേത്ര ഭരണസമിതി വെടിക്കെട്ടിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ കൊല്ലം കളക്ടറേറ്റില്‍ ഒരു ഫയല്‍ ആരംഭിച്ചിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന് ശുപാര്‍ശ ചെയ്യുന്ന പൊലീസിന്റെ രേഖകളില്‍ ഈ ഫയല്‍ നമ്ബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജുഡിഷ്യല്‍ കമ്മിഷന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഈ ഫയലുകള്‍ ഹാജരാക്കിയിട്ടില്ല. ഈ ഫയല്‍ ഹാജരാക്കിയാല്‍ ക്ഷേത്ര ഭരണസമിതി വെടിക്കെട്ടിന് നിയമപ്രകാരമുള്ള അനുമതി തേടിയിരുന്നെന്ന് വ്യക്തമാവും. പൊലീസ് ശുപാര്‍ശ ലഭിച്ചിട്ടും കൃത്യസമയത്ത് അനുമതി നല്‍കാതെ വൈകിച്ചെന്ന കുറ്റം ജില്ലാഭരണകൂടത്തിന് മേല്‍ ചുമത്തപ്പെടും.
ക്ഷേത്ര ഭാരവാഹികള്‍ അനുമതി തേടി കളക്ടറെയും എ.ഡി.എമ്മിനെയും വിളിച്ചിരുന്നതായി ഫോണ്‍ കാള്‍ ഡാറ്റയിലുണ്ട്. കമ്മിഷന്‍ ഈ രേഖകള്‍ പരിശോധിച്ചിരുന്നു. ഭാരവാഹി എ.ഡി.എമ്മിനെയും, എ.ഡി.എം കമ്മിഷണറെയും അസി.കമ്മിഷണറെയും വിളിക്കുന്നതിന്റെയും രേഖകളുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ തേടിയാണ് ഫോണ്‍വിളിയെന്നാണ് മുന്‍ കളക്ടറുടെ വാദം.
Post Your Comments