Latest NewsGulf

സെലിബ്രിറ്റി അക്കൗണ്ടുകള്‍ വ്യാജം : മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: : സെലിബ്രിറ്റികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കെതിരേ ദുബായ് പോലീസ്. പല പ്രശസ്തരുടെയും പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ആളുകളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

വ്യാജ അക്കൗണ്ടുകള്‍വഴി ഓണ്‍ലൈനായി പലതരം സാമ്പത്തികകുറ്റകൃത്യങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എങ്ങനെ അതിനെ പ്രതിരോധിക്കാമെന്ന് വിശദീകരിക്കുന്ന ഒരു മിനുട്ടില്‍ത്താഴെ ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യവും ദുബായ് പോലീസ് പുറത്തുവിട്ടിരുന്നു. സംശയാസ്പദമായ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് ദുബായ് പോലീസ് മാധ്യമവിഭാഗത്തിന് അയച്ചുകൊടുത്താല്‍ പോലീസ് സൈബര്‍വിഭാഗം ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

ഓണ്‍ലൈന്‍ വ്യാജന്മാരെ തടയുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലുള്ള അയ്യായിരത്തോളം അക്കൗണ്ടുകളാണ് ദുബായ് പോലീസ് ഈ മാസംമാത്രം ബ്ലോക്ക് ചെയ്തിട്ടുള്ളത്. വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക എന്ന പേരില്‍ പോലീസിന്റെ ഓണ്‍ലൈന്‍ ബോധവത്കരണ പദ്ധതികള്‍ ദുബായ് പോലീസ് മേധാവി കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സലീം അല്‍ ജലാഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഭൂരിഭാഗം ജനങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായതിനാല്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള ഇടമായി യു.എ.ഇ മാറുന്നതായും പോലീസ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button