കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ ഭര്‍ത്താവും ഇടനിലക്കാരനും നിര്‍ബന്ധിച്ചുവെന്ന കണ്ണൂരില്‍ നിന്നുള്ള യുവതിയുടെ പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് പറഞ്ഞ ബെന്നി എന്നയാളാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ വൃക്ക കച്ചവടത്തില്‍ ഇടനിലക്കാരനല്ലെന്നും, തന്റെ പേര് പറയുന്നത് യുവതിക്ക് പണം തട്ടാനുള്ള പരിപാടിയാണെന്നുമാണ് ബെന്നി ചാനലില്‍ വ്യക്തമാക്കിയത്.
‘വൃക്ക കച്ചവടത്തില്‍ ഇടനിലക്കാരനല്ല, പക്ഷേ വൃക്കദാനത്തിന്റെ നടപടിക്രമങ്ങള്‍ ആളുകള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, യുവതിയുടെ ഭര്‍ത്താവ് സമീപിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു, വൃക്ക സ്വീകരിക്കുന്നവരോട് യുവതി 20 ലക്ഷം ആവശ്യപ്പെട്ടു, ഇത് നല്‍കാതിരുന്നപ്പോള്‍ പരാതിയുമായി എത്തിയിരിക്കുകയാണ്, തന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ്’, ബെന്നി പറയുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ നെടുംപൊയിലില്‍ സ്വദേശിയായ ആദിവാസി യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഭര്‍ത്താവും ഇടനിലക്കാരനും വൃക്ക കച്ചവടത്തിന് നിര്‍ബന്ധിച്ചു, വൃക്ക നല്‍കിയാല്‍ കിട്ടുന്നത് 40 ലക്ഷമാണെന്നും കരള്‍ നല്‍കിയാല്‍ അതില്‍ക്കൂടുതല്‍ ലഭിക്കുമെന്നും പറഞ്ഞ് ധരിപ്പിച്ചു, എന്നാല്‍ ദാതാവിന് വെറും 9 ലക്ഷം നല്‍കി ബാക്കി പണം മുഴുവന്‍ ഇടനിലക്കാരന്‍ തട്ടിയെടുക്കുന്നതാണ് പതിവെന്നുമെല്ലാമാണ് യുവതി വെളിപ്പെടുത്തിയത്.
എന്നാല്‍ യുവതിയുടെ വാദങ്ങള്‍ പൊലീസ് മുഴുവനായും വിശ്വാസത്തിലെടുത്തിരുന്നില്ല. ഇടനിലക്കാരുമായുണ്ടായ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് യുവതിയെ വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഇതിലേക്കുള്ള കൂടുതല്‍ സൂചനകളാണ് ബെന്നിയും നല്‍കിയിരിക്കുന്നത്.
Post Your Comments