KeralaLatest NewsNews

വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതെന്ന മലയാള പത്രങ്ങളിലെ വാര്‍ത്ത പൊളിച്ചടക്കി സന്ദീപ് വാചസ്പതി

സത്യാവസ്ഥ എന്താണെന്ന് വിശദീകരിച്ച് നേതാവ്

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തനത്തില്‍ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. പി രാജീവിന് അജണ്ട ഉണ്ടാവുന്നത് മനസിലാക്കാം. പക്ഷേ അദ്ദേഹം തരുന്ന പത്രക്കുറിപ്പ് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവര്‍ത്തകരെ ഓര്‍ത്ത് സഹതാപം മാത്രം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘രാവിലത്തെ പത്രപാരായണം കഴിഞ്ഞ് എഴുന്നേറ്റത് അഭിമാന വിജൃംഭിതനായാണ്. വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമത് എന്ന വാര്‍ത്ത വായിച്ചപ്പോള്‍ സത്യത്തില്‍ അഭിമാനം തോന്നി. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ എന്തോ മെമന്റോ കൊടുക്കുന്ന പടവുമുണ്ട്. ഓരോ മലയാളിക്കും അഭിമാനമുണ്ടായിക്കാണും സംശയമില്ല. പക്ഷേ ‘അന്തര്‍ദേശീയ’ മലയാള ദിനപത്രങ്ങളിലല്ലാതെ മറ്റെങ്ങും ഇങ്ങനെയൊരു വാര്‍ത്തയില്ല. രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളിലും വന്‍ പ്രാധാന്യത്തോടെ വരേണ്ട വാര്‍ത്തയാണിത്. വരാറുമുണ്ട്. ഇനി ഖേരളം ഗതി പിടിക്കുന്നതില്‍ കണ്ണു കടിയുള്ള ഉത്തരേന്ത്യന്‍ ഗോസായിമാരുടെ അസൂയയാണോ വാര്‍ത്ത വരാത്തത്തിന് പിന്നില്‍ എന്നും സംശയിച്ചു’.

‘അതുകൊണ്ട് മലയാളം വാര്‍ത്ത പലതവണ വായിച്ചു. ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞു’ എന്നല്ലാതെ മറ്റാരും അങ്ങനെ പറഞ്ഞതായി അന്തര്‍ദേശിയ മലയാളം മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കേരള സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി ഇങ്ങനെ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമിക് ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ കുറേ ‘ലോക്കല്‍’ ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമില്ല’.

‘ഞാന്‍ നടത്തിയ അന്വേഷണത്തില്‍ മനസിലായ കാര്യങ്ങള്‍ ഇങ്ങനെ. ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രേഡ് (DPIIT) നല്‍കുന്ന ബിസിസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 2022 (BRAP 22) അവാര്‍ഡാണ് കേരളത്തിന് കിട്ടിയത്. അതായത് നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ ഒന്നാമത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതില്‍ 9 എണ്ണത്തില്‍ ഒന്നാമതെത്തിയത് കേരളമാണ് എന്ന് മാത്രം. അതില്‍ തന്നെ ബിസിനസ് കേന്ദ്രീകൃതമായി 2 ഘടകങ്ങള്‍ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി 7 എണ്ണവും പൗരകേന്ദ്രീകൃതമാണ്. വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. അതില്‍ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ചില കടമ്പകള്‍ ഏര്‍പ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയത്. അതായത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തോറ്റ ശേഷം പിഎസ്സി പരീക്ഷ എഴുതി വിജയിച്ചപ്പോള്‍ ഐ.എ.എസ് കിട്ടി എന്ന് അവകാശപ്പെടുന്നത് പോലെയുള്ള ഒരു ഗീര്‍വാണം’.

‘ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കും ഈ റാങ്കും രണ്ടും രണ്ടാണ്, അത് ‘വേ’ ഇത് ‘റേ’. മാത്രവുമല്ല, മലയാള പത്രങ്ങളില്‍ കോപ്പി, പേസ്റ്റ് വാര്‍ത്ത വന്നല്ലോ, അതെങ്ങനെ സംഭവിച്ചു?. കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരും മാധ്യമങ്ങളുമാണ്. കേരളത്തിന്റെ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്ക് മെച്ചപ്പെട്ടോ? എങ്കില്‍ അതിന്റെ വാര്‍ത്താ ഉറവിടം എന്താണ്? ഇനി അതല്ല, ഇത് വ്യവസായവുമായി ബന്ധപ്പെട്ട മറ്റൊരു ഭാഗിക/പരോക്ഷ റാങ്കിംഗ് ആണെങ്കില്‍, അതും മുന്‍വര്‍ഷ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കുമായി തുലനം ചെയ്യുന്നതിന്റെ യുക്തി എന്താണ്?. മാധ്യമ പ്രവര്‍ത്തനത്തില്‍ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണ്. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുത്. പി രാജീവിന് അജണ്ട ഉണ്ടാവുന്നത് മനസിലാക്കാം. പക്ഷേ അദ്ദേഹം തരുന്ന പത്രക്കുറിപ്പ് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവര്‍ത്തകരെ ഓര്‍ത്ത് സഹതാപം മാത്രം. കേരളം മികച്ചതായി കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അപമാനമാണ് നിങ്ങള്‍. മന്ത്രി മന്ദിരത്തില്‍ നിന്ന് പുറന്തള്ളുന്ന എന്തും അമൃതായി കരുതി സേവിക്കരുത്. ചില പുന:പരിശോധനകള്‍ ഒക്കെ ആവാം’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button