ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017 നവംബറില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. വര്‍ഷത്തിലധികമായി പാലക്കാട്ടെ വീട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പി കൃഷ്ണദാസ് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായാല്‍ ഉത്തരവ് റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.
കൃഷ്ണദാസിന്‍റെ വിലക്ക് നീക്കിതില്‍ ആശങ്കയുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു. ഇതേ അഭിപ്രായം ഷഹീദ് ഷൗക്കത്തലിയും മുന്നോട്ട് വെച്ചു. കോടതി ഉത്തരവിനെതിരെ നിയമപരമായ തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകനും ഷഹീദ് ഷൗക്കത്തലിയും പറഞ്ഞു. വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്ന പക്ഷം പ്രോസിക്യൂഷന് വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ നിലവില്‍ സിബിഐ അന്വേഷണം തുടരുകയാണ്.
Post Your Comments