ജയ്പുര്‍: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജെഡിയു മുന്‍ നേതാവ് ശരദ് യാദവിനെതിരെ നടപടി വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. വസുന്ധരയ്ക്ക് വണ്ണം കൂടുതലാണെന്നും വിശ്രമം കൊടുക്കണം എന്നുമായിരുന്നു യാദവിന്റെ പരാമര്‍ശം. പൊതു വേദിയില്‍ പ്രസംഗം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹം വസുന്ധരക്കെതിരെ തിരിഞ്ഞത്. ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് വസുന്ധര തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്.
ആല്‍വാറില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബുധനാഴ്ച നടത്തിയ റാലിയിലായിരുന്നു യാദവിന്റെ പാമര്‍ശം. യാദവിലെ പോലൊരു മുതിര്‍ന്ന നേതാവില്‍ നിന്ന് സ്ത്രീകളെ ഇത്ര കണ്ട് അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തുവാന്‍ പാടില്ലായിരുന്നുവെന്ന് വസുന്ധര പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം യാദവിന്റെ പ്രസംഗത്തിന്റെ വീഡിയോയും തെളിവായി വസുന്ധര ഹാജരാക്കിയിട്ടുണ്ട്.
Post Your Comments