ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മറ്റൊരു തലവേദന കൂടി. ബി.ജെ.പി. നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമിയും ടി.ജി. മോഹന്‍ദാസും നല്‍കിയ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട 1950-ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ നാല് (1), 63 വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികളില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും സുപ്രീംകോടതി ഉത്തരവിട്ടു.
ഈ വകുപ്പുകള്‍ റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഏപ്രില്‍ രണ്ടിലെ ഉത്തരവിനെതിരേയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാലാഴ്ചകൂടി സമയംവേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിനും ദേവസ്വംബോര്‍ഡുകള്‍ക്കും പുറമേ എതിര്‍കക്ഷികളായ എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., കേരള പുലയ മഹാസഭ, ഹിന്ദു ഐക്യവേദി എന്നിവയുടെ ജനറല്‍ സെക്രട്ടറിമാര്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.
ബോര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ലക്ഷക്കണക്കിനുള്ള വിശ്വാസികള്‍ക്ക് സാധിക്കുന്നില്ലെന്നും. ദേവസ്വംബോര്‍ഡ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതും നിയമിക്കുന്നതും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയല്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി. ദേവസ്വംബോര്‍ഡുകളിലെ നിയമനവ്യവസ്ഥകള്‍ ചോദ്യംചെയ്യുന്ന ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനും ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് തീരുമാനിച്ചു.
Post Your Comments