ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ ഒഴിവാക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി തന്ത്രി കുടുംബാംഗങ്ങൾ. ഗുരുവായൂരിലെ തന്ത്രി കുടുംബമായ ചേന്നാസ് മനയിലെ ഒൻപതു പേരാണ് ദേവസ്വം തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡും മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ ഒഴിവാക്കാൻ തീരുമാനിച്ചത് ആചാരലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.
തന്ത്രി കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഗുരുവായൂർ ഏകാദശി പ്രതിഷ്ഠാദിനത്തിലാണ് ആചരിക്കുന്നത്. ശ്രീശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാവിധിയാണ് വൃശ്ചിക മാസ ശുക്ലപക്ഷത്തിലെ ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തുന്ന ഉദയാസ്തമയ പൂജ. ക്ഷേത്രത്തിൽ വളരെ തിരക്ക് അനുഭവപ്പെടുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജയ്‌ക്കായി കൂടുതൽ പ്രാവശ്യം നട അടയ്‌ക്കേണ്ടി വരുന്നത് ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം പൂജ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
എന്നാൽ ദശമി ദിവസം രാത്രി മുതൽ ദ്വാദശി വരെ നട തുറന്നിരിക്കുന്നതിനാൽ ഉദയാസ്തമയ പൂജയ്‌ക്കായി ഇടയ്‌ക്ക് നട അടയ്‌ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല ശങ്കരാചാര്യരുടെ കാലം മുതൽ ഗുരുവായൂരിൽ ഏകാദശി ദിവസം ഉദയാസ്തമയ പൂജ പതിവുണ്ട്. അതുപേക്ഷിക്കുന്നത് ആചാര ലംഘനമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദേവസ്വത്തിന്റെ തീരുമാനത്തിനെതിരേ ഭക്തരിലും പ്രതിഷേധമുണ്ട്. ഉദയാസ്തമയ പൂജ ഒഴിവാക്കിയത് അതിരഹസ്യമായി നടത്തിയ ഒറ്റരാശി പ്രശ്നത്തിലൂടെയാണെന്ന് ഭക്തർ ആരോപിക്കുന്നു. ക്ഷേത്രാചാര അനുഷ്ഠാനങ്ങളിൽ ദേവഹിതം തേടുന്ന ഒറ്റരാശി പ്രശ്നം, ക്ഷേത്ര മുഖമണ്ഡപത്തിലാണ് നടത്തേണ്ടതെന്നും, ഈ ആചാരവും ലംഘിച്ചെന്നും ഭക്തർ ആരോപിച്ചു.
ഗുരുവായൂർ പ്രതിഷ്ഠ നടത്തിയത് ആട്ടവിശേഷ വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ വെളുത്ത ഏകാദശി നാളിലാണെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ 18 ദിവ്യചൈതന്യ രൂപങ്ങളെ സ്വാംശീകരിക്കുന്ന അനുഷ്ഠാനമാണ് ഏകാദശി ഉദയാസ്തമയ പൂജ. ഗുരുവായൂരപ്പന് ഏറ്റവും പ്രിയങ്കരമായ പൂജാവിധിയാണിത്. ഏകാദശി ഉദയാസ്തമയ പൂജയ്‌ക്ക് പകരമായി, തുലാമാസത്തിലെ ഏകാദശി ദിനമായ നവം. 12ന് ഉദയാസ്തമയ പൂജ നടത്താനുള്ള ദേവസ്വം തീരുമാനം ആചാര ലംഘനമാണെന്നും ഭക്തർ ആരോപിച്ചു. തീരുമാനം പുനഃപരിശോധിച്ച് പഴയപടി തന്നെ തുടരണമെന്നാണ് ചേന്നാസ് മനയിലെ ഒൻപത് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടത്. മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം തീരുമാനത്തിനൊപ്പമാണ്.
Post Your Comments