കൊച്ചി: ആയിരം കോടിയോളം രൂപ വിലവരുന്ന ദേവസ്വം ഭൂമി വീണ്ടെടുക്കാൻ ഭക്തന്റെ പോരാട്ടം. ബാബു സുരേഷ് എന്ന 72കാരൻ ആണ് ദേവസ്വം ബോർഡിനും കലക്ടർക്കുമെതിരെ കേസ് നൽകിയിരിക്കുന്നത്. പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന് പഴയ ദേശീയ പാതയോരത്ത് 45 ഏക്കറോളം ഭൂമി ഉണ്ടായിരുന്നു. എന്നാൽ, ഇന്നത് വെറും 9 ഏക്കർ മാത്രമാണ്. ദേവസ്വം ബോർഡ് ഭൂമി ഏറ്റെടുത്ത ശേഷമാണിത്. സെന്റിന് 25 ലക്ഷം വരെ കിട്ടിയേക്കാവുന്ന ഭൂമിയുടെ വില ആയിരം കോടിയോളമാണ്.
ഗൾഫിലെ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ഈ വിഷയത്തിൽ ബാബു ആദ്യം കേസ് നൽകിയത്. റവന്യൂരേഖകൾ ദേവസ്വത്തിന് അനുകൂലമാണെങ്കിലും കേസ് നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് താത്പര്യമില്ല. സ്വത്തുക്കൾ ഭഗവാന്റെ പേരിലാണ്. ഇത് മൈനർ സ്വത്തായാണ് കണക്കാക്കുക. കൈമാറ്റം ചെയ്യാൻ കഴിയില്ല. സന്ധ്യ മയങ്ങിയാൽ ക്ഷേത്ര പരിസരത്ത് മദ്യപാനികളുടെ വിളയാട്ടമാണ്. ഇതിനെതിരെയായിരുന്നു ആദ്യ കേസ്. ബാബുവിന് അനുകൂല വിധി വന്നു.
കൊച്ചി രാജാവിന്റെ അധീനതയിലായിരുന്ന ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്ര ഭൂമിയുടെ മദ്ധ്യത്തുകൂടി സ്വകാര്യ വ്യക്തികൾക്ക് വഴി നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് ഇതിനിടെ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനെതിരെയും ബാബു കേസ് നൽകി. ഒടുവിൽ ഈ തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. ക്ഷേത്രത്തിന്റെ 9.45 ഏക്കർ ഭൂമിയിൽ 4.45 ഏക്കർ സബ് കളക്ടർ റവന്യൂ രേഖ തിരുത്തി റവന്യൂ ഭൂമിയാക്കിയതിനെതിരെയും ബാബു കേസ് നൽകി.
Post Your Comments