മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വര്‍ഷം തികയുമ്പോള്‍ ജീവനോടെ പിടിയിലായ ഏക ഭീകരന് കസബിനെ തൂക്കിലേറ്റിയ വിവരങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് പോലീസ്. കസബിനെ തൂക്കിലേറ്റാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് പുണെ യര്‍വാദ ജയിലിലെത്തിച്ചത് അതീവ രഹസ്യമായെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഫോഴ്സ് വണ്‍ കമാന്‍ഡോ സംഘമായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത്. മുംബൈ- പുണെ എക്സ്പ്രസ് വേയിലൂടെയായിരുന്നു ഈ യാത്ര. ദൗത്യ സംഘത്തിലുണ്ടായിരുന്നു എല്ലാവരും ശ്വാസം അടക്കി പിടിച്ചാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. കസബിനെ യര്‍വാദ ജയിലില്‍ എത്തിച്ചുവെന്ന വിവരം കൈമാറാന്‍ ഉപയോഗിച്ചത് ‘പാഴ്സല്‍ റീച്ച്ഡ് ഫോക്സ്’ എന്ന കോഡായിരുന്നു.
2012 നവംബര്‍ 20ന് രാത്രിയിലാണ് കസബിനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പൂണെ യര്‍വാദ ജയിലിലേക്ക് മാറ്റിയത്. ‘പാഴ്സല്‍ റീച്ച്ഡ് ഫോക്സ്’ എന്നത് നടപടിയില്‍ ഉപയോഗിച്ച ഏഴ് കോഡ് വാക്കുകളില്‍ ഒന്ന് മാത്രമായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. അതേസമയം ഈ രഹസ്യ നീക്കത്തെ കുറിച്ച് അറിയാമായിരുന്നത് അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര് പാട്ടീലിനും ഏതാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു.
രാജ്യത്തെ നടുക്കിയ ഭീകരനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുഖംമൂടി ധരിപ്പിച്ചാണ് ആര്‍തര്‍ റോഡ് ജയിലിലെ സെല്ലില്‍ നിന്നും ഇറക്കി പോലീസ് വാഹനത്തില്‍ ഇയാളെ കയറ്റിയതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഏഴു ദിവസം മുമ്പ് വന്ന മരണ വാറന്റാണ് കസബിനായി കാത്തു വച്ചിരുന്നത്.
കസബിനെ ഇരുത്തിയ വാഹനത്തിനൊപ്പം ഉണ്ടായിരുന്നത് പോലീസിന്റെ അത്യാധുനിക ആയുധങ്ങള്‍ വഹിക്കുന്ന ഫോഴ്സ് വണ്‍ കമാന്‍ഡോ സംഘമായിരുന്നു. ഇയാളെ കൊണ്ടു പോകുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ ഇതിനു പിന്നിലായാണ് മഹാരാഷ്ട്ര റിസര്‍വ് പോലീസ് ഫോഴ്സ് സംഘം വന്നിരുന്നത്. എന്നാല്‍ മൂന്നു മണിക്കൂര്‍ നീണ്ട യാത്രയില്‍ കസബ് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും പോലീസ് പറയുന്നു.
രണ്ട് ഹാന്‍ഡ്സെറ്റുകള്‍ ഒഴികെ, എല്ലാ ഉദ്യോഗസ്ഥരുടെയും മറ്റ് പോലീസുകാരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത് ഒരു ബാഗില്‍ സൂക്ഷിച്ചു. വെളുപ്പിന് മൂന്ന് മണിക്കാണ് യര്‍വാദ ജയില്‍ അധികൃതര്‍ക്ക് കസബിനെ കൈമാറിയത്. അപ്പോഴും അയാളുടെ പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടായില്ല. പിന്നീട് അടുത്ത ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് കസബിനെ തൂക്കിലേറ്റിയ വിവരം ലോകം അറിഞ്ഞു.
Post Your Comments