Latest NewsIndia

ലക്ഷ്യം മുംബൈ ഭീകരാക്രമണത്തെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള ആക്രമണത്തിന്, ട്രെയിനിങ് കസബിനെ പരിശീലിപ്പിച്ചയിടത്ത്

അവസാന ശ്വാസം നഷ്ടമാകുന്നതുവരെ ഇന്ത്യക്കാരെ കൊല്ലാന്‍ തനിക്ക് പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് പിടിയിലാകുമ്പോള്‍ അജ്മല്‍ കസബ് പറഞ്ഞത്

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റുചെയ്ത ഭീകരര്‍ പദ്ധതിയിട്ടിരുന്നത് 2008 ല്‍ മുംബൈയില്‍ നടന്നതിനെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള ഒരു ഭീകരാക്രമണത്തിന്. ഏറ്റവും വിനാശകരമായ ആക്രമണം നടത്തുന്നതിനുവേണ്ടിയുള്ള പ്രത്യേക പരിശീലനവും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവര്‍ക്ക് പാകിസ്ഥാന്‍ നല്‍കിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര സ്വദേശി ജാന്‍ മുഹമ്മദ് അലി ഷെയ്‌ക്ക് (മുംബയ് – 47), ഡല്‍ഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തര്‍പ്രദേശ് സ്വദേശികളായ സീഷാന്‍ ഖ്വാമര്‍ (പ്രയാഗ്‌രാജ് – 28 ), മുഹമ്മദ് അബൂബക്കര്‍ (ബഹ്റൈച്ച്‌ – 23 ), മൂല്‍ചന്ദ് എന്ന ലാല ( റായ്ബറേലി – 47 ), മുഹമ്മദ് ആമിര്‍ ജാവേദ് (ലക്‌നൗ – 31 ) എന്നിവരാണ് പിടിയിലായത്. ഇതില്‍ സിഷാനും ഒസാമയും പാകിസ്ഥാനില്‍ നിന്ന് പരീശീലനം ലഭിച്ചവരാണ്. മുംബയ് ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പിടിയിലായ ഭീകരന്‍ അജ്മല്‍ കസബിന് പരീശീലനം നല്‍കിയ അതേ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ക്കും പരിശീലനം ലഭിച്ചത്.

2008ല്‍ മുംബയിലെ പ്രധാന സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് പിടിയിലായ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അവസാന ശ്വാസം നഷ്ടമാകുന്നതുവരെ ഇന്ത്യക്കാരെ കൊല്ലാന്‍ തനിക്ക് പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് പിടിയിലാകുമ്പോള്‍ അജ്മല്‍ കസബ് പറഞ്ഞത്. അതേ രീതിയിലാണ് സിഷാനും ഒസാമയ്ക്കും പരീശീലനം നല്‍കിയിരുന്നത്. അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനും മാരകമായ സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കാനും ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു.

ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് ഇവര്‍ക്ക് പാക് ചാര സംഘടന നല്‍കിയിരുന്ന നിര്‍ദ്ദേശം. അതുകൊണ്ടാണ് ഉത്സവ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതും. ആക്രമണ കേന്ദ്രങ്ങള്‍ നിരീക്ഷിച്ച്‌ ബോംബുകള്‍ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ദൗത്യം. കഴിഞ്ഞ ഏപ്രിലില്‍ മസ്‌കറ്റില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് ബോട്ടില്‍ പാകിസ്ഥാനിലേക്ക് പരിശീലനത്തിനായി പോവുകയായിരുന്നു. പാക് സൈനികരാണ് പരിശീലനം നല്‍കിയത്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമാണ് ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിനായിരുന്നു ഒരു സംഘത്തിന്റെ ചുമതല. ഷെയിക്കും മൂല്‍ചന്ദും ഉള്‍പ്പെടുന്ന ഈ സംഘത്തിന് അതിര്‍ത്തി വഴി ആയുധങ്ങള്‍ കടത്തി ഒളിപ്പിക്കാനും. ഹവാല പണം സംഘടിപ്പിക്കാനുമുള്ള ചുമതലയായിരുന്നു. ഭീകരാക്രമണത്തിനുള്ള ആസൂത്രണവും ഏകോപനവും അതിര്‍ത്തിക്കപ്പുറത്തുള്ളവരാണ് നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button