മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ആക്രമണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ പാകിസ്താന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് ഇന്ത്യ ആരോപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാകിസ്താനിലുള്ള ഭീകരരുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടിരുന്നു. മുംബൈ ഭീകരാക്രമണം നടത്തിയവരില്‍ 11 പേരുടെ വിവരങ്ങളാണ് എഫ്‌ഐഎയുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 19 ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളുടെ പേരുകള്‍ പാകിസ്താന്‍ ഒഴിവാക്കിയെന്നും ഇന്ത്യ ആരോപിച്ചു.
മുംബൈ ഭീകരാക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നുള്ളത് വസ്തുതയാണ്. പാകിസ്താന്റെ മണ്ണില്‍ നിന്ന് തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഭീകരരുടെ പുതിയ പട്ടിക പുറത്തുവന്നതോടെ മുംബൈ ഭീകരാക്രമണത്തിന് കാരണക്കാരായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് അറിയാമെന്ന് വ്യക്തമായെന്നും പാകിസ്താന്റെ പങ്ക് പുറത്തുവന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ആക്രമണത്തിനായി ഭീകരര്‍ ഉപയോഗിച്ച അല്‍ ഫൗസ് എന്ന ബോട്ട് വാങ്ങിയ മുഹമ്മദ് അംജാദ് ഖാന്‍, ബഹവല്‍പൂര്‍ സ്വദേശിയായ ഷാഹിദ് ഗഫൂര്‍ എന്നിവരാണ് ഭീകരരുടെ പട്ടികയില്‍ പ്രധാനികളായി എഫ്ഐഎ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്കു പുറമെ മുഹമ്മദ് ഉസ്മാന്‍, അതീഖ് ഉര്‍ റഹ്മാന്‍, റിയാസ് അഹമ്മദ്, മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് നയീം, അബ്ദുള്‍ ഷക്കൂര്‍, മുഹമ്മദ് സാബിര്‍, മുഹമ്മദ് ഉസ്മാന്‍, ഷക്കീല്‍ അഹമ്മദ് എന്നിവരാണ് പാകിസ്താനില്‍ ഉള്ളതെന്ന് എഫ്ഐഎ വ്യക്തമാക്കി.
എഫ്ഐഎ തയ്യാറാക്കിയ പാകിസ്താനിലെ ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 880 പേജുകളുള്ള പട്ടികയില്‍ 1,210 ഭീകരരുടെ വിവരങ്ങളാണ് ഉള്ളത്.അതേസമയം, പട്ടികയില്‍ കൊടും ഭീകരനായ ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നിവരെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് ദാവൂദ് ഉള്‍പ്പെടെയുള്ള ഭീകരരുടെ പട്ടിക മേല്‍വിലാസം സഹിതം പാകിസ്താന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ദാവൂദ് കറാച്ചിയിലുണ്ടെന്നാണ് പട്ടികയില്‍ പറഞ്ഞിരുന്നത്. കറാച്ചിയിലെ മേല്‍വിലാസത്തിനൊപ്പം പാസ്‌പോര്‍ട്ടിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. ഹൗസ് നമ്പര്‍ 37, സ്ട്രീറ്റ് നമ്പര്‍ 30, ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നിങ്ങനെയാണ് ദാവൂദിന്റെ മേല്‍വിലാസം രേഖപ്പെടുത്തിയിരുന്നത്.
Post Your Comments