പത്തനംതിട്ട: ശബരിമലയിൽ 52 വയസുള്ള സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം ഇല്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രൻ അക്രമങ്ങളിൽ പങ്കെടുത്തു എന്നതിനുള്ള വീഡിയോ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന പോലീസ് വാദം കോടതി ശരി വയ്ക്കുകയായിരുന്നു. ഗൂഢാലോചന കേസിൽ കൂടി പ്രതി ആയതു കൊണ്ടാണ് സുരേന്ദ്രന് ജാമ്യം നിഷേധിക്കപ്പെട്ടത്.കേസിൽ സുരേന്ദ്രനെ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ പോലീസിന് കോടതി അനുമതി നൽകുകയും ചെയ്തു. ഇതുകൂടാതെ ജയിലില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാനും കോടതി അനുമതി നല്‍കി. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സുരേന്ദ്രന് ഇതിനു സാധിക്കു. ജയിൽ മാറ്റണം എന്ന കാര്യത്തിൽ പിന്നീട് തീരുമാനം അറിയിക്കാം എന്നും കോടതി പറഞ്ഞു.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു എന്ന കേസിൽ റാന്നി കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിൽ വാറണ്ട് ഉള്ളതിനാൽ സുരേന്ദ്രന് കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇതുവരെ പുറത്തിറങ്ങാൻ കഴിഞ്ഞട്ടില്ല. വന്‍ പൊലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കിയത്.
Post Your Comments