കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശബരിമലയില്‍ പോലീസ് പ്രകോപനങ്ങളുണ്ടാക്കിയിട്ടില്ലെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം യഥാര്‍ഥ ഭക്തരെ ബുദ്ധമുട്ടിക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
നടപ്പന്തല്‍ വൃത്തിയാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. നടപ്പന്തല്‍ കഴുകി വൃത്തിയാക്കുന്ന പതിവ് നേരത്തേയുണ്ടെന്നും ഇത്തവണ പുതിയതായി തുടങ്ങിയതല്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി. ഇതിനായി മുന്‍വര്‍ഷങ്ങളില്‍ നടപ്പന്തല്‍ കഴുകി വൃത്തിയാക്കുന്നതിന്‍െര ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ചിത്തിര ആട്ടവിശേഷത്തിന് പ്രശ്നങ്ങളുണ്ടാക്കിയവര്‍ മണ്ഡലകാലത്ത് വീണ്ടും എത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്നതിനാവശ്യമായ സിസിടിവി ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും, അത് തെളിയിക്കുന്നതിനായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ കണക്കുതിരിച്ച് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആദ്യ ദിനങ്ങളില്‍ അന്നദാനത്തിന് എത്തിയിരുന്ന ഭക്തരുടെ എണ്ണം 9,000ല്‍ നിന്ന് 6000 ആയി കുറഞ്ഞെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ശബരിമലയിലെ പോലീസ് നടപടികള്‍ സംബന്ധിച്ചും നിയന്ത്രണങ്ങള്‍ സംബന്ധിച്ചുുള്ള വിവരങ്ങളുടെ വ്യക്തതക്കാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. കോടതിയുടെ ആവശ്യ പ്രകാരം സര്‍ക്കാരിനോടൊപ്പം ദേവസ്വം ബോര്‍ഡും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments