Latest NewsNattuvartha

വലിച്ചെറിഞ്ഞ ഭാഗ്യക്കുറി മഴയത്ത്: സമ്മാന തുകയറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് യുവാവ്

തലയോലപ്പറമ്പ്: പത്ത് ലക്ഷത്തിന്റെ സമ്മാന തുക ലഭിച്ചതറിയാതെ യുവാവ് ഭാഗ്യക്കുറി വലിച്ചെറിഞ്ഞു. മഴയും മഞ്ഞുമേറ്റ് ഒരു പകലും രാത്രിയും അനാഥമായി റോഡരികില്‍ കിടന്ന ലോട്ടറി കണ്ടെത്തി ടിക്കറ്റ് ഏജന്റ്. വരിക്കാംകുന്ന് സ്വദേശി ദീപകിനാെയാണ് വലിച്ചെറിഞ്ഞ ഭാഗ്യം വീണ്ടും കടാക്ഷിച്ചത്.

കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സ്ഥാനമായ പത്തുലക്ഷം രൂപ ലഭിച്ചതായി കഴിഞ്ഞ എട്ടിനാണ് ഏജന്റ് കരവട്ടെ ചേലയ്ക്കല്‍ വിജയന്‍ മനസ്സിലാക്കിയത്. എന്നാല്‍ ടിക്കറ്റെടുത്തയാളെ ആദ്യം പിടി കിട്ടിയില്ലെങ്കിലും പിന്നീടുള്ള അന്വേഷണം ദീപകില്‍ എത്തുകയായിരുന്നു.

എന്നാല്‍ 5000 രൂപയുടെ സമ്മാനം നോക്കി ഇല്ലെന്നു കണ്ട് ടിക്കറ്റ് അപ്പോള്‍ തന്നെ ഉപേക്ഷിച്ചെന്നായിരുന്നു ദീപക്കിന്റെ മറുപടി. തുടര്‍ന്ന് ദീപക് രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്‍പിലെ റോഡില്‍ അരിച്ചുപെറുക്കി ടിക്കറ്റ് കണ്ടെടുത്തു. ഒരു പകലും രാത്രിയുമാണ് മഴയും മഞ്ഞുംകൊണ്ട് തൃപ്പൂണിത്തുറയിലെ കടയ്ക്കു മുന്നില്‍ ലോട്ടറി കിടന്നത്. ഒടുവില്‍ നനഞ്ഞു ചുളിഞ്ഞ കിട്ടിയ ലോട്ടറി ഒത്തു നോക്കിയപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റ് അതു തന്നെയാണെന്ന് മനസ്സിലാവുകയായിരുന്നു.

കല്‍പ്പണിക്കാരനാണു ദീപക്. സമ്മാനാര്‍ഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് ട്രഷറിയില്‍ ഏല്‍പ്പിച്ചു. അതേസമയം കാശു മുടക്കിയെടുത്ത ലോട്ടറി ടിക്കറ്റിനു സമ്മാനമുണ്ടോയെന്നു നോക്കാനുള്ള ക്ഷമയെങ്കിലും കാട്ടണമെന്ന് ഏജന്റായ വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button