പത്തനംതിട്ട : ശബരിമലയിൽ അരവണ ക്ഷാമത്തിന് സാധ്യത. കണ്ടെയ്നർ വിതരണത്തിൽനിന്ന് കരാറുകാർ പിന്മാറിയതോടെയാണ് അരവണയ്ക്ക് ക്ഷാമമുണ്ടാകുന്നത്. കരാർ എടുത്ത കൊല്ലത്തെ ശ്രീവിഘ്നേശ്വര പായ്ക്ക്സ് പിൻമാറിയതിനെ തുടർന്നു ദേവസ്വം ബോർഡ് നിയമ നടപടിക്കൊരുങ്ങുകയാണ്.
കഴിഞ്ഞ ജൂലൈയിലാണ് ദേവസ്വം ബോർഡ് കരാർ വിളിച്ചത്. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിക്കു കരാർ നൽകിയെങ്കിലും ടെൻഡറിൽ പങ്കെടുത്ത ശ്രീവിഘ്നേശ്വര ഹൈക്കോടതിയെ സമീപിച്ച് കൂടിയാലോചന നടത്തി കരാർ ഉറപ്പിക്കണമെന്ന വിധി സമ്പാദിച്ചു. തുടർന്ന് ഒരു കണ്ടെയ്നറിന് 4.40 രൂപ വച്ച് 1.8 കോടി കണ്ടെയ്നറുകൾ വിതരണം ചെയ്യുന്നതിനു ശ്രീവിഘ്നേശ്വരയ്ക്കു കരാർ നൽകി.
അതേസമയം ഈ മാസം 8 നാണ് ദേവസ്വം ബോർഡ് ഉത്തരം നൽകിയതെന്നാണ് വിതരണക്കാർ പറയുന്നത്. വിജ്ഞാപന പ്രകാരം ഒക്ടോബർ 31 നകം 50% കണ്ടെയ്നറുകൾ കൈമാറണമായിരുന്നു. ശേഷിക്കുന്നവ വരുന്ന 30നും. 8നു കിട്ടിയ ഉത്തരവു പ്രകാരം ഈ മാസം 20 ന് 20 ലക്ഷം കണ്ടെയ്നറുകൾ നൽകണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ കരുതൽ നിക്ഷേപമായി ഒരു കോടി രൂപ അടയ്ക്കണമെന്നും. നിക്ഷേപത്തുക കുറയ്ക്കണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ കണ്ടെയ്നറുകൾ നൽകാനാവില്ലെന്നും കമ്പനി ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഇതാണ് അരവണ ക്ഷാമത്തിന് കാരണമാകുന്നത്.
Post Your Comments