Latest NewsUAE

ലോകപൊലീസ് സമ്മേളനം ദുബായിയില്‍

ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പൊലീസ് മേധാവികളുടെ യോഗം ദുബായിയില്‍ ചേര്‍ന്നു. പുതിയ ഇന്റര്‍പോള്‍ തലവനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം. ഇന്റര്‍പോള്‍ തലവനായിരുന്ന മെംഗ് ഹോംഗ്വെ ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ മേധാവിസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഏറെക്കാലമായി ചൈനീസ് സുരക്ഷാവിഭാഗത്തിന്റെ ഉത്തരവാദിത്തം കൂടിയുണ്ടായിരുന്ന മെംഗ് ചൈനയുടെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി കരുതല്‍ തടങ്കലില്‍ ആകുകയായിരുന്നു.

192 അംഗരാജ്യങ്ങളില്‍ നിന്നും 1000 ലേറെ പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തിന് എത്തിയിരുന്നു. മെംഗ് ഹോംഗ്വേ നേരിട്ട് രാജി വച്ചില്ലെങ്കില്‍ തന്നെ സംഘടനയുടെ നിയമം അദ്ദേഹത്തെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്നതല്ലെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോംഗ് യാങ്ങാണ് നിലവില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2016 നവംബറില്‍ ഇന്റര്‍പോള്‍ പ്രസിഡന്റായി നിയമിതനായ മെംഗിന്റെ കാലാവധി 2020 ലാണ് അവസാനിക്കേണ്ടിയിരുന്നത്. ഒക്ടോബര്‍ 7 ന് ചൈനയില്‍ നിന്നും മെംഗിന്റെ രാജിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് മെംഗിന്റെ അംഗത്വം റദ്ദാക്കുകയായിരുന്നു.

കൊസോവോയെയ്ക്ക് പൂര്‍ണ അംഗത്വം നല്‍കണമോ എന്ന കാര്യത്തിലും ഇന്റര്‍പോള്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. റെഡ് നോട്ടീസ് നല്‍കി കൊസവോയെ യുദ്ധക്കുറ്റവാളികളായി പരിഗണിക്കാന്‍ സെര്‍ബിയന്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗം അനുമതി നല്‍കി. പൊലീസ് അന്വേഷിക്കുന്ന വ്യക്തിയെ മറ്റൊരു രാജ്യത്തിന് തിരിച്ചറിയാനായി ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലേഷനാണ് റെഡ് നോട്ടീസ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി ഇപ്പോള്‍ 57, 289 റെഡ് നോട്ടീസ് നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റര്‍പോള്‍ പറഞ്ഞു.

അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്ന കുറ്റവാളികളെ പിടികൂടാന്‍ ദേശീയ പൊലീസിനെ സഹായിക്കുക എന്നതാണ് ഇന്റര്‍പോള്‍ ചെയ്യുന്നത്. അതേസമയം വിവിധ സര്‍ക്കാരുകള്‍ രാഷ്ട്രീയഎതിരാളികള്‍ക്കെതിരെയും വിമതര്‍ക്കെതിരെയും റെഡ് അലര്‍ട്ട് ഉപയോഗിക്കപ്പെടുന്നത് വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. നിഷ്പക്ഷത നിലനിര്‍ത്തണമെന്നും രാഷ്ട്രീയ കാരണങ്ങള്‍ക്ക്് അനുസൃതമായി പ്രവര്‍ത്തിക്കരുതെന്നുമാണ് ഇന്റര്‍പോളിന്റെ നയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button