ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ താൻ തന്നെയായിരിക്കുമെന്ന് വീരേന്ദർ സേവാഗ് മൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചിരുന്നതായി വ്യക്തമാക്കി വി.വി.എസ്. ലക്ഷ്മൺ. ‘281ഉം അതിനപ്പുറവും’ എന്ന തന്റെ ആത്മകഥയിലൂടെയാണ് വി.വി.എസ്. ലക്ഷ്മൺ ഇക്കാര്യം വ്യക്തമാക്കിയത്.
‘ ഞാൻ വീരുവിന്റെ ഒരു കടുത്ത ആരാധകനാണ്. ആദ്യമായി വീരു ബാറ്റു ചെയ്യുന്നതു കണ്ടപ്പോൾ, ഇത്രയും വലിയ നിലയിലെത്താനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 2001ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മിന്നൽ വേഗത്തിൽ 58 റൺസെടുത്ത വീരു, തന്റെ ഓഫ് സ്പിൻ ബോളുകളിലൂടെ മൂന്നു വിക്കറ്റും സ്വന്തമാക്കി. ആ കളിയിൽ മാൻ ഓഫ് ദി മാച്ചും അദ്ദേഹത്തിനായിരുന്നു. അതിനുശേഷം പുണെ ഏകദിനത്തിനു തൊട്ടുമുൻപ് സഹീർ ഖാനും ഞാനും വീരു ഭായിക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി. അന്ന് വീരു എന്നോടു പറഞ്ഞു. ലക്ഷ്മൺ ഭായ്, കൊൽക്കത്ത ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ നിങ്ങൾക്കൊരു സുവർണാവസരം ലഭിച്ചതാണ്. പക്ഷേ നടന്നില്ല. ഇനി ടെസ്റ്റിൽ ആദ്യത്തെ ട്രപ്പിൾ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരൻ ഞാനായിരിക്കു’മെന്നും തന്റെ ആത്മകഥയിൽ ലക്ഷ്മൺ വ്യക്തമാക്കുന്നു. 2004ൽ പാക്കിസ്ഥാനെതിരെ മുൾട്ടാനിലാണ് സേവാഗ് ടെസ്റ്റിൽ ആദ്യ ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്.
Post Your Comments