
ഹൈദരാബാദ്: പീഡന ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയെന്ന യുവതിയുടെ പരാതി വ്യാജം. കൂടുതൽ ചോദ്യം ചെയ്യലിലാണ് യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിയാണ് എംഎംടിഎസ് ട്രെയിനിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ പീഡന ശ്രമം നടന്നതായും രക്ഷപെടാൻ ട്രെയിനിൽ നിന്ന് ചാടിയതായും പരാതി നൽകിയത്. എന്നാൽ റീൽസെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി വീണതെന്നും ഇക്കാര്യം മറച്ചുവെക്കാൻ പീഡന ശ്രമം നടന്നതായി ആരോപിക്കുകയായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എംഎംടിഎസ് ട്രെയിനിൽ നിന്നാണ് 23 കാരിയായ യുവതി വീണത്. മെഡ്ചലിലെ ഹോസ്റ്റലിൽ താമസക്കാരിയായ യുവതി ഒരു ഫുഡ് ഡെലിവറി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സെക്കന്തരാബാദിൽ നിന്ന് മെഡ്ചലിലേക്ക് എംഎംടിഎസ് ട്രെയിനിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ അജ്ഞാതൻ തന്നെ ആക്രമിച്ചതായി ആരോപിച്ചു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയെന്നും തലയ്ക്കും താടിക്കും വലതുകൈയ്ക്കും അരക്കെട്ടിനും പരിക്കേറ്റതായും യുവതി പറഞ്ഞു. വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് റെയിൽവേ പൊലീസ് നടപടി സ്വീകരിച്ചു, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം ക്രിമിനൽ ബലപ്രയോഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. അന്വേഷണത്തിനായി നിരവധി ടീമുകൾ രൂപീകരിച്ചു. ഏകദേശം 250 ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയിക്കപ്പെടുന്ന നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ യുവതിയുടെ ആരോപണങ്ങൾക്ക് ശരിവെക്കുന്ന തെളിവൊന്നും കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നപ്പോൾ യുവതിയെ കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
എംഎംടിഎസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി റീൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണുപോയെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നും ഹൈദരാബാദ് സ്വദേശിയായ യുവതി സമ്മതിച്ചു. വീട്ടുകാരെ ഭയന്നാണ് ബലാത്സംഗകഥ ചമച്ചതെന്നും യുവതി പറഞ്ഞു.
Post Your Comments