ArticleLatest News

സര്‍ക്കാരിനോട് ചെല്ലും ചെലവും ആവശ്യപ്പെടാന്‍ ആരാണീ തൃപ്തി ദേശായി

സ്വന്തം ലേഖകന്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സമവായത്തിനായി ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയപ്പെട്ടതോടെ പ്രതിഷേധം തുടരുമെന്ന് ബിജപിയും വ്യക്തമാക്കി. മണ്ഡലകാലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുള്‍മുനയിലാണ് ശബരിമല. ഇതിനിടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ദര്‍ശനത്തിനായി എത്തുമെന്ന് വ്യക്തമാക്കിയത്. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് അയക്കകയും ചെയ്തു. തനിക്കൊപ്പം ആറ് യുവതികള്‍ കണ്ടാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു

ആരാണ് തൃപ്തി ദേശായി

2008 മുതലാണ് മഹാരാഷ്ട്ര സമരങ്ങള്‍ക്ക് മുന്നില്‍ തൃപ്തി ദേശായിയെ കാണാന്‍ തുടങ്ങിയത്. 2007 ല്‍ അജിത് കോ ഓപ്പറേറ്റീവ് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് 2012 ല്‍ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തോറ്റുപോയി. പക്ഷേ ഭാവിയില്‍ രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരുവിന്റെ സൂചനയാണ് അന്ന് തൃപ്തി ദേശായി നല്‍കിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2010 ല്‍ അവര്‍ ഭൂമാത ബ്രിഗേഡ് എന്ന സംഘടന സ്ഥാപിച്ചിരുന്നു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കല്‍, അഴിമതിക്കെതിരെ പോരാടുക ഇവയായിരുന്നു സംഘടനയുടെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യം. 2011 ല്‍ അഴിമതിക്കെതിരെ അണ്ണ ഹസാരെ നടത്തിയ ഡല്‍ഹി സമരത്തിലും തൃപ്തി പങ്കെടുത്തു. സ്ത്രീപ്രവേശനം വിലക്കിയിരുന്ന ശനി ശിംഘ്‌നപൂര്‍, ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങി. ്

ശനി ശിംഘ്‌നപൂര്‍ ക്ഷേത്രത്തിലെ ലിംഗവിവേചനം മനസിലാക്കിയ തൃപ്തി പിന്നീട് ആ അസമത്വത്തിനെതിരെ ഭൂമാതാ ബ്രിഗേഡിന്റെ ബാനറില്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു. ഇവരുടെ സമരത്തിന് അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ തൃപ്തിക്ക് പിന്തുണയറിയിച്ചെത്തി. പക്ഷേ ഈ സംഘടനയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും മറ്റും അന്ന് ചിലരിലെങ്കിലും സംശയമുണര്‍ത്തിയിരുന്നു. എന്തായാലും ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ തൃപ്തി ദേശായി രാജ്യശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീ സ്വാതന്ത്ര്യവാദിയായി. കര്‍ണാടകക്കാരിയാണെങ്കിലും കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിലാണ് ജീവിതം. തന്റെ ഭാര്യ സ്ത്രീവിമോചനവാദി മാത്രമല്ല നല്ല ഈശ്വരവിശ്വാസിയും മതപരമായ ആചാരങ്ങളില്‍ വിശസ്വസിക്കുന്ന ആളുമാണെന്ന് ഭര്‍ത്താവ് പ്രശാന്ത് ദേശായി പറയുന്നു. ആചാരങ്ങള്‍ക്കല്ല അനാചാരങ്ങള്‍ക്കാണ് താന്‍ എതിരെന്നാണ് തൃപ്തി ദേശായിയുടെ വാദം. ആറ് വയസുള്ള ഒരു മകനുമുണ്ട് തൃപ്തി പ്രശാന്ത് ദമ്പതികള്‍ക്ക്.

ചെലവ് സര്‍ക്കാര്‍ വഹിക്കണം, ലക്ഷ്യം ശബരിമല

സ്ത്രീപ്രവേശനം വിലക്കിയിരുന്ന ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനത്തിനായുള്ള പോരാട്ടം വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് ശബരിമലയിലും എത്താമെന്ന തൃപ്തിയുടെ കണക്കുകൂട്ടലിന് പിന്നില്‍. അതേസമയം പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അവര്‍ക്ക് അനുകൂല മറുപടി നല്‍കിയിട്ടില്ല. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരള പൊലീസ്. തനിക്കൊപ്പം വേറെയും സ്ത്രീകള്‍ വരുന്നതിനാലാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തുമെന്നുമാണ് തൃപ്തിയുടെ നിലപാട്. ദര്‍ശനത്തിന് സൗകര്യം മാത്രമല്ല താമസം, ഭക്ഷണം, യാത്ര തുടങ്ങിയവയും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കും ഈ ആവശ്യങ്ങള്‍ വ്യക്തമാക്കി അവര്‍ കത്തയച്ചിട്ടുണ്ട്.

തൃപ്തിയെ തള്ളി പിണറായി

ഒരു സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ വെല്ലുവിളിച്ചെത്തുന്ന ഒരു സ്ത്രി ആ സംസ്ഥാനത്തിന്റെ ക്രമസമാധാനനില പരിഗണിക്കുന്നതുപോലുമില്ല എന്നതാണ് കൗതുകരം. ആരും ക്ഷണിച്ചിട്ടോ ഏതെങ്കിലും പൊതുപരിപാടിയില്‍ പങ്കെടുക്കാനോ അല്ല അവരെത്തുന്നത്. എന്നിട്ടും കേരളത്തില്‍ വിമാനം ഇറങ്ങുന്നത് മുതലുള്ള തന്റെ സുരക്ഷയും യാത്രയും ഭക്ഷണവും സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ഹര്‍ജി ഈ സ്്ത്രീയെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നോ എന്ന് സംശയം തോന്നിപ്പോകും. ആ വിധത്തിലാണ് തൃപ്തിയുടെ ഇടപെടല്‍. തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന ആശങ്ക അവര്‍ക്കുണ്ട്. പക്ഷേ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് അവര്‍ പറയുന്നത്. അതേസമയം തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ അവരെ തീര്‍ത്തും നിസാരവത്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. തൃപ്തി ദേശായിയോ അതാരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വരവ് കേരളത്തിന്റെ വിവരക്കേട് തീര്‍ക്കാനോ

ക്ഷേത്രസന്നിധാനത്ത് എത്താനുള്ള ഈ സാഹസപ്പെട്ടുള്ള വരവ് അയ്യപ്പനോടുള്ള ഭക്തി മൂത്തിട്ടൊന്നുമല്ലെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. തുല്യലംഗിനീതി ഉറപ്പാക്കാനാണ് മഹരാഷ്ട്രയില്‍ നിന്ന് തൃപ്തിയും സംഘവും ഇങ്ങ് കേരളത്തിലെത്തുന്നത്. സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ജനതയ്ക്ക് ലിംഗനീതിയുടെ പ്രസക്തി അറിയാത്തതാണ് ശബരിമല പ്രവേശനം അസാധ്യമാക്കുന്നതെന്ന തെറ്റിദ്ധാരണയായിരിക്കാം തൃപ്തിയെ കേരളത്തില്‍ എത്തിക്കുന്നത്. അവര്‍ മുമ്പ് പ്രക്ഷോഭം നടത്തിയിട്ടുള്ള സംസ്ഥാനം പോലെയല്ല കേരളമെന്നും ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ വിവരക്കേട് കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും തൃപ്തി ധരിച്ചിട്ടുണ്ടെങ്കില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊക്കെ ഇതുവരെ അവര്‍ പഠിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ജനത്തിന്റെ ചിന്താരീതികള്‍ മാറേണ്ടിയിരിക്കുന്നു എന്നും പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്നുമായിരുന്നു സ്ത്രീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയോട് അവര്‍ അന്ന് പ്രതികരിച്ചത്. എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്ക് കിട്ടിയ വിജയമാണിതെന്നും അവര്‍ പറഞ്ഞിരുന്നു.

എങ്ങനെ പ്രതികരിക്കും കേരളം ?

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും അഗ്രഹിക്കാത്ത ഒരു വിധിയെയാണ് സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ചൂണ്ടിക്കാണിക്കുന്നത്. അജ്ഞതയോ വിദ്യാഭ്യാസമില്ലായ്കയോ അല്ല കേരളത്തിലെ വിശ്വാസികളായ സ്ത്രീകളെ മല ചവിട്ടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് തൃപ്തിയോട് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അറിഞ്ഞുകൊണ്ട് വേണ്ടെന്നു വയ്ക്കുന്ന ഒരു കാര്യം ബലാത്കരമായി നടപ്പിലാക്കണമെന്ന ആവശ്യപ്പെടുമ്പോള്‍ ആ ആവശ്യക്കാര്‍ക്കെതിരെ കേരളത്തിലെ ജനത എങ്ങനെ പ്രതികരിക്കുമെന്ന് ഭയക്കണം. പ്രായമേറിയ സ്ത്രീകളെപ്പോലും വെറുതെ വിടാത്തവിധം ശക്തമാണ് സന്നിധാനത്തെ പ്രതിഷേധക്കാരുടെ സാന്നിധ്യം. പൊലീസ് ശക്തിയുടെ ആറിരട്ടിവരും അത്. അങ്ങനെയൊരു പ്രദേശത്ത് പൊലീസിന്റെ സുരക്ഷ മാത്രം തൃപ്തിയെ സന്നിധാനത്തെത്തിക്കും എന്ന് കരുതാനാകില്ല. വേഷം മാറിയല്ല അവര്‍ വരുന്നതെന്ന് വേണം കരുതാന്‍. തൃപ്തിയുടെയും സംഘത്തിന്റെയും വാഹനം പമ്പയിലെത്തിയാല്‍പ്പോലും അത് പൊലിസിനുണ്ടാക്കുന്ന സുരക്ഷാപ്രശ്‌നം ചെറുതായിരിക്കില്ല, മടക്കയാത്രക്ക് ടിക്കറ്റ് എടുക്കാതെയാണ് താന്‍ വരുന്നതെന്നും അയ്യപ്പദര്‍ശനം നടത്തിയേ മടങ്ങൂ എന്നും വെല്ലുവിളിച്ചെത്തുന്ന തൃപ്തി ദേശായി എത്തിയാല്‍ എന്ത സംഭവിക്കുമെന്ന ആകാംക്ഷയിലാണ് കേരളം. ദേശീയ ശ്രദ്ധ നേടിയ വിഷയമൈന്ന നിലയില്‍ രാജ്യം മുഴുവന്‍ തൃപ്തി എത്തുമെന്ന് അറിയിച്ച ശനിയാഴ്ച്ചയ്ക്കായി കാത്തിരിക്കുന്നു.എന്തായാലും കേരളത്തിലേക്ക് എത്തുമ്പോഴുള്ള ആവേശവും പ്രതീക്ഷയും തിരികെ പോകുമ്പോഴും അവര്‍ക്കുണ്ടാകട്ടെ എന്നാശംസിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button