തിരുവനന്തപുരം: യുവാവിനെ റോഡിലേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി നീട്ടിയതാണ് പുതിയ നീക്കത്തിനു കാരണം. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ പതിനാലിലേക്ക് മാറ്റിയ സാഹചര്യത്തില്‍ അതുവരെ ഒളിവില്‍ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന ബോധ്യമാണ് കീഴടങ്ങാന്‍ ഹരികുമാറിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനം പാര്‍ക്ക് ചെയ്തതിലുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് സനല്‍ (32) എന്ന യുവാവിനെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഇയാള്‍ പിന്നീട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
അതേസമയം ഹരികുമാറുമായി ബന്ധമുള്ളവര്‍ ഭരണകക്ഷിയിലെ ചില നേതാക്കളുമായും പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടതായി സ്പെഷ്യല്‍ ബ്രാഞ്ചിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയ്ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇയാളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
എന്നാല്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും ഇവരെ മാറ്റണമെന്നും സനലിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടു.
Post Your Comments