മൂന്നാര്‍: കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ മരണം. പ്രാരാബ്ദങ്ങളെ മറികടന്ന് ഉയര്‍ന്ന പഠനത്തിന് കോളേജില്‍ എത്തിയ അഭിമന്യു കത്തികുത്തേറ്റാണ് മരിച്ചത്. അഭിമന്യുവിന്റെ മൃതദേഹത്തിനരികിലിരുന്നു അവന്റെ അമ്മ നാന് പെറ്റ മകനേ എന്ന് അലമുറയിട്ടത് മന:സാക്ഷിയുള്ള ആര്‍ക്കും മറക്കാന്‍ പറ്റുന്നതല്ല. അതേസമയം ഈ അവസരത്തില്‍ ഏവര്‍ക്കും കണ്ണീരും സന്തോഷവും നല്കുന്ന വാര്‍ത്തയാണ് അഭിമന്യുവിന്റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്നത്. അഭിമന്യുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളായിരുന്ന പെങ്ങള് കൗസല്യയുടെ കല്ല്യാണവും, അടച്ചുറപ്പുള്ള വീടും യാഥാര്ത്ഥ്യാമുകയാണ്.
സിപിഎമ്മിന്റെ നേതൃത്വത്തിലാണ് വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. അഭിമന്യുവിന്റെ സ്വപ്നം ഗ്രാമത്തിന്റെ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. സ്വര്‍ണ്ണവും, വസ്ത്രങ്ങളും നേരത്തെ തന്നെ പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്ന് അച്ഛന് മനോഹരന് പറഞ്ഞു. അഭിമന്യു കേരളത്തിന്റെ പുത്രനാണെന്നും അതുകൊണ്ട് തന്നെ കേരളം മുഴുവനും അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായ പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നും അമ്മ ഭൂപതി പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിക്കുന്ന വീടിന്റെ പണിയും അവസാന ഘട്ടത്തിലാണ്.
എന്നാല്‍ അഭിമന്യു വധക്കേസിലെ തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തിലെ വിശദീകരണം. കൂടാതെ അതിനുശേഷം അന്വേഷണത്തിലെ പുരോഗതിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും വന്നിട്ടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തുവാന്‍ കഴിയാത്ത വിധം നശിപ്പിച്ചെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കൂടാതെ ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികളും ഇപ്പോഴും ഒളിവിലാണ്.
Post Your Comments