തിരുവനന്തപുരം•എന്‍.എസ്.എസ് കരയോഗം ഓഫീസുകള്‍ അക്രമിക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് ബി നേതാവും മുന്നോക്ക വികസന ബോര്‍ഡ് ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണ പിള്ള. ന്‍.എസ്.എസ് കേന്ദ്രങ്ങള്‍ ആക്രമിച്ചത് ആര്‍.എസ്.എസുകാരാണെന്ന് മന്ത്രി പറഞ്ഞത് അദ്ദേഹത്തിന് വ്യക്തമായ വിവരം ലഭിച്ചത് കൊണ്ടാകാമെന്ന് പിള്ള പറഞ്ഞു.
അതേസമയം, ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചത് സുപ്രീം കോടതിയാണ്. അതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നത് പോലെയുള്ള വിഡ്ഢിത്തമാണ് ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ഓഫീസുകള്‍ ആക്രമിക്കുന്നതും സുകുമാരന്‍ നായരെ ആക്ഷേപിക്കുന്നതും ആര്‍.എസ്.എസ് ആണെന്നും ഇതിന് പിന്നില്‍ സി.പി.എം ആണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നുമാണ് ജയരാജന്‍ കോഴിക്കോട് പറഞ്ഞത്.
എന്‍.എസ്.എസ് കാര്യങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുയാണ്. സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും ജയരാജന്‍ പറഞ്ഞു.
ആര്‍.എസ്.എസ് ഭീകരസംഘടനയാണെന്നും രാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദികളാണിവരെന്നും ജയരാജന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ശബരിമല അശുദ്ധമാകരുതെന്നാണ്. എന്നാല്‍ കലാപമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.
Post Your Comments