KeralaLatest NewsIndia

തടിയന്റവിട നസീറിന്റെ സഹോദരനടക്കം കുപ്രസിദ്ധ കവര്‍ച്ചാ സംഘം പിടിയില്‍

.അറസ്റ്റിലായ സുജിത്തിന് കണ്ണൂര്‍ വളപട്ടണത്ത് വധശ്രമക്കേസും അടിപിടി കേസ്സുകളുമുണ്ട്.

ചാലക്കുടി: വിദേശത്തു നിന്നും കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം കൊള്ളയടിച്ച സംഘത്തിലെ നാലു പേര്‍ പിടിയിലായി. തീവ്രവാദക്കേസിൽ ശിക്ഷിക്കപ്പെട്ട തടിയന്റവിട നസീറിന്റെ സഹോദരനുൾപ്പെടെയുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തയ്യില്‍ സ്വദേശി ബൈദുള്‍ ഹിലാല്‍ വീട്ടില്‍ ഷുഹൈല്‍ (35), തയ്യില്‍ സ്വദേശി അമീന്‍ വീട്ടില്‍ ഷാനവാസ് (25), വയനാട് പെരിക്കല്ലൂര്‍ സ്വദേശി ചക്കാലക്കല്‍ സുജിത് (24), കണ്ണൂര്‍ തയ്യില്‍ സ്വദേശി മല്ലാട്ടി വീട്ടില്‍ മനാഫ് (22) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പിടിയിലായ ഷുഹൈല്‍ ആണ് തടിയന്റവിട നസീറിന്റെ സഹോദരൻ. വിദേശത്തായിരുന്ന ഷുഹൈല്‍ നാട്ടിലെത്തിയ ശേഷം എയര്‍പ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ സ്വര്‍ണ്ണം കൊണ്ടുവരുന്ന ആള്‍ക്കാരെ നിരീക്ഷണം നടത്തുകയും അവരെ പിന്‍തുടര്‍ന്ന് വിവരങ്ങള്‍ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഗുണ്ടാസംഘങ്ങള്‍ കൊള്ളയടിച്ചു ലഭിക്കുന്ന കവര്‍ച്ച മുതലില്‍ നിന്ന് പങ്ക് വാങ്ങിക്കുകയും ചെയ്യുകയുമായിരുന്നു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് കൊടുവള്ളി സ്വദേശികള്‍ സ്വര്‍ണ്ണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈല്‍ സംഘാഗങ്ങളുമൊത്ത് അവിടെ എത്തുകയും ഒട്ടേറെ കേസ്സുകളില്‍ പ്രതിയായ കല്ലേറ്റുംകര സ്വദേശിയായ ഷഫീക്ക് എന്ന വാവയെ കവര്‍ച്ച നടത്തുവാന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഷെഫീക്കിന്റെ നേതൃത്വത്തില്‍ രണ്ടു കാറുകളിലായി ദേശീയപാതയില്‍ കാത്തു നിന്ന ഗുണ്ടാസം ഘത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച്‌ സ്വര്‍ണ്ണം കയറ്റിവന്ന വാഹനം ആദ്യം ആലുവയിലേക്ക് പോയതിനാല്‍ രാത്രി തന്നെ കവര്‍ച്ച ചെയ്യാനുള്ള ശ്രമം പാളുകയും തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ച വാഹനത്തെ ഗുണ്ടാസംഘങ്ങള്‍ പിന്‍തുടരുകയും ചെയ്തു.

തുടർന്ന് ചാലക്കുടി പോട്ടഫ്ലൈ ഓവറിനു സമീപം വെച്ച് സംഘം സ്വര്‍ണ്ണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച്‌ യാത്ര തടസ്സപ്പെടുത്തി കാറിലെ ഒരാളെ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് ആ കാറുള്‍പ്പെടെ എടുത്ത് കടക്കുകയും ചെയ്തു.കാറില്‍വച്ച്‌ സ്വര്‍ണ്ണം വച്ചിരിക്കുന്ന സ്ഥലം ചോദിച്ച്‌ യുവാവിനെ മൃഗീയമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് കൊടകരക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിക്കുകയും തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ വച്ച്‌ പല വഴിക്കായി പിരിഞ്ഞ സംഘത്തിലെ ഏഴു പേര്‍ മുന്‍പ് പോലീസ് പിടിയിലായിരുന്നു.

മറ്റൊരു ലോഹത്തിനാല്‍ ആവരണം ചെയ്തിരുന്ന സ്വര്‍ണ്ണം ഷെഫീക്കും ,ഷുഹൈലും, മനാഫും കൂടി പൊളിച്ചെടുത്ത് കണ്ണൂരില്‍ വില്‍പന നടത്തുകയായിരുന്നു. സംഘാംഗങ്ങള്‍ തമ്മില്‍ പരിചയമില്ലാത്തതിനാല്‍ മുഖ്യ സൂത്രധാരന്‍മാരെ പിടികൂടുവാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. പ്രത്യേക അന്വേഷണ സംഘം കേരളത്തില്‍ എയര്‍പോര്‍ട്ട് പരിസരം ,ഹോട്ടലുകള്‍, കേന്ദ്രീകരിച്ച്‌ ഒന്നര മാസമായി നടത്തിയ അന്വേഷണമാണ് വടക്കന്‍ ജില്ലകളിലെ ഗുണ്ടാസംഘങ്ങള്‍ക്ക് ഈ കേസ്സില്‍ പങ്കുണ്ട് എന്ന നിഗമനത്തില്‍ എത്തിച്ചേരുവാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ രാത്രി കാലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ പിടികൂടാനായത്. ചാലക്കുടിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്തതില്‍ പോട്ടയിലെ സ്വര്‍ണ്ണ കവര്‍ച്ചയുടെ ചുരുളഴിയുകയും ചെയ്തു. കണ്ണൂരില്‍ നിന്ന് വില്‍പന നടത്തിയ സ്വര്‍ണ്ണവും പോലീസ് സംഘം കണ്ടെടുത്തു .അറസ്റ്റിലായ സുജിത്തിന് കണ്ണൂര്‍ വളപട്ടണത്ത് വധശ്രമക്കേസും അടിപിടി കേസ്സുകളുമുണ്ട്. മനാഫ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കൊലപാതക ശ്രമക്കേസില്‍ പ്രതിയാണ് . ഷുഹൈലിനെയും കൂട്ടാളികളെയും കോഴിക്കോട് കരിപ്പൂരില്‍ വച്ച്‌ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് കോഴിക്കോട് പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button