
ട്രെയിനിൽ പരിചയപ്പെട്ട വൃദ്ധ ദമ്പതികളെ നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് ബന്ധം സ്ഥാപിച്ച് വീട്ടിൽ പോയി സ്വർണ്ണം തട്ടിയ കേസിൽ വഴിത്തിരിവ്. മലപ്പുറത്ത് സ്വന്തം വീട്ടിൽ വൃദ്ധ ദമ്പതികളെ ജ്യൂസിൽ മയക്ക് ഗുളിക ചേർത്ത് പട്ടാപ്പകൽ വീട്ടിൽ മയക്കി കിടത്തി സ്വർണ്ണം കവർന്ന പ്രതിയാണ് നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത്. വളാഞ്ചേരി കോട്ടപ്പുറത്ത് താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നിവരെ മയക്കി കിടത്തി 6 പവൻ സ്വർണമാണ് പ്രതി കവർന്നത്.
പ്രതി തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്തുനിന്നും മലപ്പുറം വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കരയ്ക്ക് പോയി മടങ്ങുന്ന വഴി ട്രെയിനിൽ വച്ചാണ് നേവി ഉദ്യോഗസ്ഥനായ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തി പ്രതി വൃദ്ധ ദമ്പതികളുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഇവർക്ക് ഇരിക്കാൻ സീറ്റ് തരപ്പെടുത്തി നൽകുകയും രോഗവിവരം ചോദിച്ചറിഞ്ഞ ശേഷം നാവികസേനയുടെ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
എല്ലാം ശരിയാക്കിയെന്നും ചികിത്സയുടെ രേഖകൾ ശേഖരിക്കാൻ വീട്ടിൽ വരാമെന്നും പറഞ്ഞ് പിറ്റേദിവസം ഫോൺ ചെയ്ത് വളാഞ്ചേരിയിലെ വൃദ്ധ ദമ്പതികളുടെ വീട്ടിലെത്തി. തടർന്ന് പ്രതി തന്നെ കൊണ്ടുവന്ന ഫ്രൂട്ട്സ് ഉപയോഗിച്ച് ദമ്പതികൾക്ക് ജ്യൂസ് ഉണ്ടാക്കി നൽകി. ജ്യൂസ് കുടിച്ച ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെയാണെന്നും പറഞ്ഞ് ഒരു ഗുളിക കൂടി പ്രതി ദമ്പതികൾക്ക് നൽകയതോടെ ഇരുവരും മയങ്ങിവീഴുകയായിരുന്നു.ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദമ്പതികൾക്ക് മനസ്സിലായത്. തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments