മുംബൈ : അയോധ്യ വിഷയത്തില്‍ മോദിക്കെതിരെ തിരിഞ്ഞ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അയോധ്യയില്‍ പ്രക്ഷോഭം ഉണ്ടായാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് അദ്ദേഹം പറഞ്ഞു. നേരത്തേ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി പ്രക്ഷോഭം വരെ നടത്താന്‍ തയ്യാറാണെന്ന ആര്‍എസ്എസ് പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു ഉദ്ദവിന്റെ പ്രതികരണം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രക്ഷോഭം നടത്തണം. സംഘപരിവാര്‍ അജണ്ടകള്‍ മുഴുവന്‍ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്. മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിഷയം കണക്കിലെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശിവസേന വിഷയം ഏറ്റെടുക്കുകയും ക്ഷേത്രനിര്‍മാണത്തിനായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് ആര്‍എസ്എസ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ നിലനില്‍ക്കുക എന്നതിനേക്കാള്‍ ക്ഷേത്ര നിര്‍മാണം നടക്കണം എന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടുന്നില്ല?- ഉദ്ധവ് ചോദിച്ചു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത്.
Post Your Comments