Kerala

ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് എ കെ ശശീന്ദ്രൻ

ആര്‍ ടി ഒ ഓഫീസുകളില്ലാത്ത താലൂക്കുകളില്‍ ഓഫീസുകള്‍ ആരംഭിക്കുന്നത്‌ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു

ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട്‌ ഇരുപത്‌ സേവനങ്ങള്‍ ഉടന്‍ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന്‌ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ഗതാഗത വകുപ്പിന്റെ സേവനം ലഭ്യമാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ ടി ഒ ഓഫീസുകളില്ലാത്ത താലൂക്കുകളില്‍ ഓഫീസുകള്‍ ആരംഭിക്കുന്നത്‌ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്രയാറില്‍ പുതിയതായി തുടങ്ങിയ സബ്‌ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി എം കെ ശശീന്ദ്രന്‍. ആര്‍ ടി ഓഫീസുകളിലെ തിരക്കൊഴിവാക്കി പൊതുജനങ്ങള്‍ക്ക്‌ സുതാര്യസേവനം ലഭ്യമാക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. വര്‍ഷം റോഡപകടങ്ങളില്‍ 4100 പേര്‍ മരിക്കുന്നുവെന്നാണ്‌ കണക്ക്‌. ഇതില്‍ 80 ശതമാനം പേരും 16 നും 32 നും ഇടയിലുളളവരാണ്‌. നമ്മുടെ യൗവനം റോഡുകളില്‍ പൊലിഞ്ഞ്‌ തീരുന്നു.

അപകടനിരക്ക്‌ അമ്പത്‌ ശതമാനമായി കുറയ്‌ക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ്‌ സെയ്‌ഫ്‌ കേരള പദ്ധതിയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കും. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കും. നിയമലംഘനങ്ങള്‍ക്ക്‌ പരമാവധി ശിക്ഷ നല്‍കും. മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗീത ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യ മേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ എം പി അജിത്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സി എന്‍ ജയദേവന്‍ എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, ട്രാസ്‌പോര്‍ട്ട്‌ സെക്രട്ടറി ജ്യോതിലാല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷീല വിജയകുമാര്‍, പി കെ ലോഹിതാക്ഷന്‍, ശോഭ സുബിന്‍, സിജി മോഹന്‍ദാസ്‌, വിവിധ ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ കെ പത്മകുമാര്‍ സ്വാഗതവും തൃശൂര്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ എം ഉമ്മര്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button