ദുര്‍ഗപൂജയുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ് രാജ്യം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തിസ്വരൂപിണിയായ ദേവി പൂജിക്കപ്പെടുകയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ദുര്‍ഗാ ദേവിയെ ആരാധിക്കുന്നവരുണ്ട്. രാജ്യത്ത് പശ്ചിമബംഗാള്‍, ബീഹാര്‍, അസം, ത്രിപുര, ഒഡീഷ എന്നിവിടങ്ങളിലാണ് ദുര്ഗാപൂജക്ക് ഏറ്റവും അധികം പ്രാധാന്യം. അതേസമയം രസകരമായ വസ്തുത ഒരേ ദേവി തന്നെ പല ഭാവങ്ങളില്‍ പല രീതിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കപ്പെടുന്നതെന്നാണ്
അമ്മയക്ക് രൗദ്രഭാവം, മക്കള്‍ക്ക് ശാന്തം
ബംഗാളിലും ഒഡീഷയിലും മക്കളായ ഗണേശനും കാര്‍ത്തികേയനും ഒപ്പമാണ് ദുര്‍ഗയെ പൂജിക്കുന്നത്. ഒപ്പം ലക്ഷ്മിയും സരസ്വതിയും ദേവിയുടെ പുത്രിമാരാണെന്നും സങ്കല്‍പ്പിക്കുന്നു. മക്കളൊക്കെ ശാന്തരൂപികളാണൈങ്കിലും അമ്മ ഇവിടെ സംഹാരരൂപിണിയായ രൗദ്രയായാണ് ആരാധിക്കപ്പെടുന്നത്. അതേസമയം സരസ്വതിയെ ബ്രഹാമാവിന്റെ പുത്രിയായും ലക്ഷ്മിയെ വിഷ്ണുവിന്റെ പത്നിയായും ഹിന്ദു പുരാണങ്ങളില്‍ പറയുന്നുമുണ്ട്. വടക്കേ ഇന്ത്യയില്‍ വ്യാഘ്രത്തിന്റെ മുകളില്‍ യുദ്ധത്തിന് പുറപ്പെടുന്ന ഭാവത്തിലാണ് ദേവി പൂജിക്കപ്പെടുന്നത്. ‘ഷെരാവലി’ എന്ന പേരിലാണ് ദേവി ഇവിടെ അറിയപ്പെടുന്നത്.
വടക്കേ ഇന്ത്യയില്‍ വര്‍ഷത്തില്‍ രണ്ട് തവണ നവരാത്രി ആഘോഷിക്കുന്നു. മാര്‍ച്ച് – ഏപ്രില്‍ മാസത്തില്‍ ചൈത്ര നവരാത്രി എന്നും പിന്നീട് സെപ്റ്റംബര്‍-ഒക്റ്റോബര്‍ മാസങ്ങളില്‍ ശാര്‍ദിയ നവരാത്രിയും ആഘോഷിക്കപ്പെടുന്നു. കിഴക്കേ ഇന്ത്യയില്‍ അഞ്ച് ദിവസങ്ങളിലായി ശാര്‍ദിയ നവരാത്രി ആഘോഷിക്കപ്പെടന്നു. തമിഴ്നാട് കര്‍ണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദസറ ആഘോഷത്തിനിടിയൊണ് ദേവീപൂജ നടക്കുന്നത്. സരസ്വതിയും പാര്‍വതിയും ലക്ഷ്മിയും ഇവിടെ ആരാധിക്കപ്പെടുന്നു.
ദേവി സങ്കല്‍പ്പം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ
ഒരേ സമയം ഒരേ ദേവത പലതരത്തില്‍ പൂജിക്കപ്പെടുന്നത് ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍, സരസ്വതി, പാര്‍വ്വതി, ലക്ഷ്മി എന്നിങ്ങനെ ദുര്‍ഗ്ഗ ദേവി ആരാധിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ ഷേരാവലി എന്നും മറ്റ് ചിലയിടത്ത് സിംഹവാഹിനിയെന്നും മഹിഷ മര്ദിനിയെന്നും വിശേഷിപ്പിക്കപ്പെടുന്നു. സിംഹവാഹിനിയായ ദേവി മധ്യപൂര്‍വ്വ മേഖലകളിലും മെഡിറ്ററേനിയന്‍ പ്രദേശത്തും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സുപരിചിതയാണ്. എഡി ഒന്നോ രണ്ടോ നൂറ്റാണ്ടിലേതെന്ന് കരുതുന്ന ദുര്‍ഗയുടെ വിഗ്രഹം മധുരയിലൈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കാളയെ കൊല്ലുന്ന നാലു കൈകളുള്ള ദേവിയുടെ വിഗ്രഹമാണിത്.
ദേവീമാഹാത്മ്യത്തില്‍ ശക്തിസ്വരൂപിണി
മാര്‍ക്കണ്ഡേയ പുരാണത്തിലെ ദേവി മാഹാത്മ്യത്തില്‍ ദേവി ശക്തി സ്വരൂപിണിയായാണ് സ്തുതിക്കപ്പെടുന്നത്. മഹിഷാസുരനെ വധിക്കാനായാണ് ദേവി ജാതയാകുന്നതെന്നും ദേവി മഹാത്മ്യം പറയുന്നു. മനുഷ്യന്റെ ശരീരവും പോത്തിന്റെ ശിരസുമുള്ള അസുരനായിരുന്നു മഹിഷാസുരനെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. വടക്കേന്ത്യയില്‍ മഹിഷന് വധിക്കപ്പെടേണ്ട അസുരനാണെങ്കില്‍ തെക്കന്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ പൂജിക്കപ്പെടുന്നുമുണ്ട്.
ബംഗാളിലെ ദുര്‍ഗാപൂജ
1790 ലാണ് കൊല്‍ക്കത്തയില്‍ ദുര്‍ഗ്ഗ പൂജ തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യകാലങ്ങളില്‍ ജന്മിമാരുടെ ആഘോഷമായിരുന്ന ദുര്‍ഗാപൂജ പിന്നീട് സാധാരണക്കാരിലുമെത്തുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബംഗാളില്‍ ദുര്‍ഗപൂജ ജനകീയമായി. ഇപ്പോഴത് ആ സംസ്ഥാനത്തിന്റെ മുഴുവന്‍ ആഘോഷമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ പുതാരന ദേവീ വിഗ്രഹങ്ങള്‍ക്കെല്ലാം സമാനത ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജന്ത എല്ലോറ ഗുഹകളില്‍ നിന്നും മഹാബലിപുരത്തുനിന്നുമൊക്കെ ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സിംഹവാഹിനിയും വ്യാഘ്രവാഹിനിയും മഹിഷാസുരമര്ദിനിയുമായാണ് മിക്ക വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുള്ളത്.
കേരളത്തില്‍ അക്ഷരദേവത
എന്തായാലും പൗരാണികകാലം മുതല്‍ ഇന്ത്യയിലും പുറത്തും ഒരുപോലെ ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ദുര്‍ഗ. ശത്രുസംഹാരിണിയായും അക്ഷരദേവതയായും ആശ്രിതവല്സലയായും വിവിധ ദേവീഭാവങ്ങള്‍ ആരാധിക്കുന്നവരാണ് അധികവും. ശിവ ക്ഷേത്രങ്ങള്‍ പോലെ രാജ്യത്ത് പുരാതനമായ ദേവീക്ഷേത്രങ്ങള്‍ അധികമില്ലെങ്കിലും ശക്തി പൂജക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. സംഹാരഭാവത്തില്‍ നിന്ന് അക്ഷരദേവതയിലേക്കുള്ള ദേവിയുടെ ഭാവമാറ്റമാണ് കേരളത്തില്‍ പ്രാധാന്യം. അതുകൊണ്ട് തന്ന ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന പൂജകളില്‍ സരസ്വതിക്ക് പ്രാധാന്യം കൊടുക്കുന്ന വിജയദശമിയക്കാണ് കേരളത്തില്‍ ഏറെ പ്രാധാന്യം. കുഞ്ഞുങ്ങളെ ആദ്യമായി ഹരിശ്രീ കുറിപ്പിക്കാന്‍ ജാതി മത ഭേദമില്ലാതെ കേരളം തെരഞ്ഞെടുക്കുന്ന ദിവസവും വിജയദശമി തന്നെ
Post Your Comments