Latest NewsKerala

ഇത് അലന്‍സിയറുടെ സ്ഥിരം പരിപാടി; നിരവധി പേര്‍ ഇരകളായി- വെളിപ്പെടുത്തലുമായി നടി- വീഡിയോ

തന്റെ ഫേസ്ബുക്ക് പേജിലാണ് വിവരങ്ങൾ തുറന്നു പറയുന്ന വീഡിയോ യുവതി പുറത്തു വിട്ടത്

നടന്‍ അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് ദിവ്യ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരെ തുറന്നടിച്ചത്. തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് ദിവ്യയുടെ വീഡിയോ ആരംഭിക്കുന്നത്.

അലന്‍സിയര്‍ മറ്റു സെറ്റുകളിലെ സ്ത്രീകളോടും മോശമായി പെരുമാറുന്ന ആളാണെന്ന് പല സ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അയാള്‍ മാനസികമായുള്ള പ്രശ്‌നം കൊണ്ടാണ് പറ്റിപ്പോയതെന്ന് പറഞ്ഞ് തന്നോട് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന രീതിയില്‍ സ്ത്രീകള്‍ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ തന്റെ പക്കലുണ്ടെന്നും ദിവ്യ പറയുന്നു.

https://www.facebook.com/divya.gopinath.5872/videos/2196616993994921/?t=11

കഴിഞ്ഞ ദിവസം യുവതിയുടെ പേര് വെളിപ്പെടുത്താതെ അലന്‍സിയര്‍ക്കെതിരെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്ത്യ പ്രൊട്ടസ്റ്റ്സ് വെബ്സൈറ്റിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍ വന്നത്.

താന്‍ തുടക്കക്കാരിയായ നടിയാണ്. അവിവാഹിതയാണ്. സ്വന്തം സ്വത്വവും കഴിവും തെളിയിക്കാന്‍ വേണ്ടി പ്രയത്നിക്കുന്ന സ്ത്രീയാണ്. ഇക്കാരണത്താലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി ആമുഖമായി പറയുന്നു.

‘എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലന്‍സിയര്‍ക്കൊപ്പം ആദ്യത്തേതും. അത് അവസാനത്തേതായിരിക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹത്തെ നേരില്‍ കാണും വരെ കലാകാരനെന്ന നിലയില്‍ വളരെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. എന്നാല്‍, നമ്മുടെ ചുറ്റും നടക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകള്‍ ആ വഷളത്തരം മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണെന്ന് എനിക്ക് മനസ്സിലായി.

ആദ്യസംഭവം ഊണ്‍മേശയില്‍ വച്ചായിരുന്നു. ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു. ഞാനും അലന്‍സിയറും ഒരുസഹനടനും. തന്നേക്കാള്‍ വലിയ ഒരുതാരം സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെ എന്ന് വിവരിക്കുകയായിരുന്നു അലന്‍സിയര്‍. അതിനിടെ അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഞാന്‍ ആകെ അസ്വസ്ഥയായി. എല്ലാവരോടും കൂടുതല്‍ അടുത്തിടപഴകാനും കാര്യങ്ങളെ ലാഘവത്തോടെ കാണാനുമൊക്കെ അദ്ദേഹം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. എന്നാല്‍, അയാള്‍ക്കൊപ്പം ഞാന്‍ സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി.

രണ്ടാമത്തെ സംഭവം എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. വേറൊരു നടിക്കൊപ്പം അയാള്‍ എന്റെ മുറിയിലേക്ക് ഇടിച്ചുകയറി. നമ്മുടെ ശരീരത്തെ അറിയണം, കലാകാരന്മാര്‍ സ്വതന്ത്രരായിരിക്കണം എന്നിങ്ങനെ പോയി സാരോപദേശം. നാടകപശ്ചാത്തലമുണ്ടായിട്ടും, ഞാന്‍ ഇത്ര ദുര്‍ബലയായി പോയതിന്റെ പേരില്‍ എന്നെ കളിയാക്കി. അയാളെ പിടിച്ച് മുറിക്ക് പുറത്താക്കണമെന്നാണ് എനിക്ക് തോന്നിയത്. മറ്റൊരു നടി കൂടി മുറിയിലുളേളതുകൊണ്ടും, അയാളുടെ സീനിയോരിറ്റിയെ മാനിച്ചും ഞാന്‍ ഒന്നും ചെയ്തില്ല.

എന്റെ ആര്‍ത്തവസമയത്താണ് മൂന്നാമത്തെ സംഭവം. ക്ഷീണം മൂലം സംവിധായകന്റെ അനുമതിയോടെ ഞാന്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ മുറിയുടെ പുറത്തുമുട്ടുകേട്ടു. ഡോര്‍ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ്. ടെന്‍ഷന്‍ അടിച്ചിട്ട് ഞാന്‍ അപ്പോള്‍ തന്നെ സംവിധായകനെ വിളിച്ച് സഹായം തേടി. ആരെയെങ്കിലും അങ്ങോട്ട് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം തുടര്‍ച്ചയായി വാതിലില്‍ മുട്ടുകയും, തൊഴിക്കുകയുമായിരുന്നു അയാള്‍. അവസാനം ഞാന്‍ കതക് തുറന്നു. ചാടിയിറങ്ങി ഓടിയാലോ എന്ന് വിചാരിച്ചു.

ഈ സമയത്ത് ഡയറക്ടറുമായുള്ള ഫോണ്‍കോള്‍ ഞാന്‍ ആക്ടീവായി തന്നെ വച്ചിരിക്കുകയായിരുന്നു. ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം അത് കേള്‍ക്കണമെന്ന ഉദ്ദേശത്തോടെ. ഞാന്‍ കതക് തുറന്നയുടന്‍, അലന്‍സിയര്‍ മുറിയില്‍ തള്ളിക്കയറി ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. ഞാന്‍ ആകെ പേടിച്ച് ടെന്‍ഷനടിച്ച് അവിടെ നിന്നു. അയാള്‍ എന്റെ കട്ടിലിരുന്നുകൊണ്ട് പഴയ സാരോപദേശം തുടര്‍ന്നു. നാടക ആര്‍ട്ടിസ്റ്റുകള്‍ എത്ര ശക്തരായിരിക്കണം എന്നും മറ്റും. പിന്നീട് കട്ടിലില്‍ നിന്നെഴുന്നേറ്റ് എന്റെയടുത്തേക്ക് നടന്നുവന്നു. കടക്കുപുറത്ത് എന്നുപറയാനാവാതെ എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. അപ്പോഴാണ് ഡോര്‍ ബെല്‍ അടിച്ചത്.

നാലാമത്തെ സംഭവം ഒരുപൊതുസുഹൃത്ത് ഊണിന് വിളിച്ചപ്പോഴായിരുന്നു. ടേബിളില്‍ ഉണ്ടായിരുന്ന അലന്‍സിയര്‍ മീന്‍ കറിയാണ് ഓര്‍ഡര്‍ ചെയ്തത്. മീന്‍ കറിയില്‍ നിന്ന് ഓരോ കഷണവും എടുത്ത് കഴിച്ച് വിരല്‍ നക്കിക്കൊണ്ട് അയാള്‍ മീനിനെയും സ്ത്രീയുടെ ശരീരത്തെയും തമ്മില്‍ താരതമ്യപ്പെടുത്തുകയായിരുന്നു. ഈ സമയത്തെല്ലാം അയാള്‍ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാനും സുഹൃത്തും വളരെ വേഗം ടേബിളില്‍ നിന്ന് എഴുന്നേറ്റുപോയി. അതേദിവസം തന്നെ, ഷൂട്ട് നടക്കുന്നതിനിടെ, അയാള്‍ എന്നെയും സെറ്റിലുണ്ടായിരുന്ന മറ്റുപെണ്‍കുട്ടികളെയും തുറിച്ചുനോക്കുകയും, മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികള്‍ കാണിക്കുകയും ചെയ്തു. അന്ന വൈകിട്ട് ഒരുപാര്‍ട്ടിയുണ്ടായിരുന്നു. സ്ത്രീകളുടെ അടുത്തുപോയി അവരുടെ ശരീരത്തെ കുറിച്ചും സെക്സുമൊക്കെ സംസാരിക്കുന്നത് കണ്ടു. എന്റെ അടുത്തുവരാന്‍ ശ്രമിച്ചപ്പോഴൊക്കെ അയാളെ ഞാന്‍ ഒഴിവാക്കി. തന്നെ ചെറുക്കുന്ന സ്ത്രീകളെയൊക്കെ അയാള്‍ അപമാനിക്കുന്നതും കാണാമായിരുന്നു.

മറ്റൊരു ദിവസം രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് റൂമില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ കൂട്ടുകാരിയും അന്ന് റൂമിലുണ്ടായിരുന്നു. അപ്പോഴാണ് ബെല്ലടിച്ചത്. അവള്‍ പോയി വാതില്‍ തുറന്നപ്പോള്‍ അലന്‍സിയറാണ്. രാവിലെ 6 മണിയായി കാണും. അല്‍പസമയം അവര്‍ തമ്മില്‍ സംസാരിച്ച ശേഷം അയാള്‍ പോയി. ഉറക്കം പോയതുകൊണ്ട് എന്റെ കൂട്ടുകാരി ഉടന്‍ കുളിക്കാന്‍ വേണ്ടി ബാത്ത്റൂമില്‍ പോയി. എന്നാല്‍ റൂം ലോക്ക് ചെയ്യാന്‍ മറന്നുപോയി. പെട്ടെന്ന് അലന്‍സിയര്‍ മുറിയിലേക്ക് കയറി വന്ന് ബെഡ്ഷീറ്റില്‍ എന്റെ പിന്നിലായി വന്നുകിടന്നു. എന്നിട്ട് നീ ഉറക്കമാണോയെന്ന് ചോദിച്ചു. ഞാന്‍ ചാടിയെണീറ്റപ്പോള്‍, എന്റെ കൈയില്‍ പിടിച്ച് കുറച്ചുനേരം കൂടി കിടക്കാന്‍ പറഞ്ഞു. ഞാന്‍ ഉറക്കെ അലറിവളിച്ചു. ബാത്ത്റൂമിലായിരുന്ന കൂട്ടുകാരിയും ഇത് കേട്ട് എന്താണവിടെ സംഭവിക്കുന്നതെന്ന് വിളിച്ചുചോദിച്ചു. താന്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ ്അലന്‍സിയര്‍ ഉടന്‍ സ്ഥലം കാലിയാക്കി. സംഭവം അറിഞ്ഞപ്പോള്‍, അവളും ഞെട്ടിപ്പോയി. അവള്‍ അലന്‍സിയറെ വിളിച്ചുചോദിച്ചെങ്കിലും അയാള്‍ വെറുതെ ഒഴിഞ്ഞുമാറിക്കളിച്ചു.

ഈ ദുരനുഭവത്തില്‍ ഞങ്ങള്‍ പരാതി പറഞ്ഞപ്പോള്‍ സംവിധായകന്‍ അലന്‍സിയറിനെ ചോദ്യം ചെയ്തു. ആദ്യചിത്രമെടുക്കുന്ന സംവിധായകന്റെ ചോദ്യം ചെയ്യല്‍ അലന്‍സിയറിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് സെററില്‍ മോശമായി പെരുമാറിക്കൊണ്ടായിരുന്നു അയാളുടെ പ്രതികാരം. ഷോട്ടുകള്‍ തെറ്റിക്കുക കണ്ടിന്യൂറ്റി തെറ്റിക്കുക, മദ്യപിച്ചുകൊണ്ട് സെറ്റില്‍ വരിക, സഹനടന്മാരെ പരിഹസിക്കുക ഇങ്ങനെ പോയി വിക്രിയകള്‍. ഈ ചിത്രത്തിലും, മറ്റു ചിത്രങ്ങളിലും അലന്‍സിയറിനൊപ്പം അഭിനയിച്ച മറ്റുപല സ്ത്രീകള്‍ക്കും ഇത്തരം ധാരാളം സംഭവങ്ങള്‍ പറയാനുണ്ട്. വളരെയധികം മാനസികസംഘര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഇതുകുറിക്കുന്നത്. എന്നെ പോലെ ദുരനുഭവമുണ്ടായ മറ്റുസ്ത്രീകള്‍ക്കും ഇതുപോലെ കുറിക്കാന്‍ സമയം വേണ്ടി വരും.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button