തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിന് പ്രത്യേക അവാർഡ് നൽകുമെന്ന് മെൻസ് അസോസിയേഷൻ. അലൻസിയറുടെ ധീരമായ പ്രവർത്തിക്ക് അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് സമ്മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് അജിത് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന് ഇന്നേവരെ ഒരാളും വാങ്ങിയിട്ടും കൊടുത്തിട്ടുമില്ലാത്ത നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പം നൽകുമെന്നാണ് അസോസിയേഷൻ പറയുന്നത്. എല്ലാ മേഖലകളിൽ നിന്നുമുള്ളവർ അലൻസിയറിന് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അവാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തുക അലൻസിയർ അന്നു തന്നെ ആതുര സേവനത്തിന് വേണ്ടിയാണ് നൽകിയതെന്നും അജിത് കുമാർ പറഞ്ഞു
അതേസമയം, പെൺപ്രതിമ പരാമർശത്തെ വീണ്ടും ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അലൻസിയർ. മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ. താൻ ലോകത്തെ സ്നേഹിക്കുന്നവനാണെന്നും ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ ആണും പെണ്ണും വേണം, പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു സങ്കോചവും ഇല്ല എന്നും അലൻസിയർ വ്യക്തമാക്കി.
Post Your Comments