ന്യൂഡല്‍ഹി: മന്ത്രി സഭാ യോഗത്തിന് ആശുപത്രി തിരഞ്ഞെടുത്ത് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മന്ത്രി സഭായോഗത്തിനായി താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് മന്ത്രിമാര്‍ക്ക് പരീക്കര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാനത്ത് ഭരണം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഈ ആരോപണത്തെ മറികടക്കാനാണ് പരീക്കര്‍ ആശുപത്രി മുറിയില്‍ മന്ത്രി സഭാ യോഗം വിളിച്ചത്.
സെപ്റ്റംബര്‍ 15 മുതല്‍ ഇവിടെ ചികിത്സയിലാണ് പരീക്കര്‍. യോഗത്തിന്റെ അജണ്ട അതേസമയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മന്ത്രിമാര്‍ക്ക് ചില അധിക ചുമതല നല്‍കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം മുമ്പേ വ്യക്തമാക്കിയിരുന്നു. പരീക്കറെ ചികിത്സക്കായി എയിംസില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഗോവയില്‍ രാഷ്ട്രീയ അനിസ്ചിതാവസ്ഥ ഉടലെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 2017 ലെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
Post Your Comments