പത്തനാപുരം: ‘ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോൾ ഇത്പോലെയുള്ള
ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക… ഇപ്പോഴേ പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടാ’. അവധിയിലായിരുന്നിട്ടും പ്രളയസമയത്ത് ജീവൻരക്ഷിക്കാനിറങ്ങി കല്യാണം മുടങ്ങിയ യുവാവിന്റെ വാക്കുകളാണിത്. ഡൽഹിയിലെ എയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന തിരുവല്ല കവിയൂർ സ്വദേശി മനുവിന്റെ വിവാഹമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതിന്റെ പേരിൽ മുടങ്ങിയത്.
ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും, ഹെലികോപ്റ്ററിൽ തലച്ചുമടായി കൊണ്ട് കയറ്റുന്നതും, മറ്റ് കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞതാണ് വിവാഹം മുടങ്ങാൻ കാരണമായതെന്ന് ഹരി പറയുന്നു. മനുവിന്റെ സുഹൃത്തും പ്രശസ്ത ജ്യോത്സ്യനുമായ ഹരി പത്തനാപുരം തന്റെ ഫേസ്ബുക്കിലൂടെയാണ് വിവാഹം മുടങ്ങിയ കഥ പങ്കുവെച്ചിരിക്കുന്നത്.
ഹരി പത്തനാപുരത്തിന്റെ പോസ്റ്റ് ഇങ്ങനെ
പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകൾ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മൾ കേട്ടു. എന്നാൽ നിങ്ങളാരും ഇതു വരെ കേൾക്കാത്ത ഒരു പ്രളയകഥ സൊല്ലട്ടുമാ.
എന്നൊടൊപ്പം ചിത്രത്തിലുള്ളത് എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ മനുവാണ്. ഡൽഹിയിലെ എയർഫോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് മനു സേവനം അനുഷ്ഠിക്കുന്നത്. തിരുവല്ല കവിയൂർ സ്വദേശിയാണ്. മേജർ ഹേമന്ത് രാജിനും മേജർ റാങ്കിലുള്ള സ്കാഡെൻ ലീഡർ അൻഷ വി തോമസിനും ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂരിൽ നേതൃത്വം നൽകിയ മനുഷ്യ സ്നേഹിയാണ് മനു.
ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങൾക്കുമായാണ് അവധിയെടുത്ത് മനു നാട്ടിൽ എത്തിയത്. നാട്ടിലെ പ്രളയദുരിതം കണ്ടപ്പോൾ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മനു മറന്നു. അവധിയിൽ നിൽക്കുമ്പോൾ ഇത്തരം സഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ല.
അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റർ ദുരിതാശ്വാസപ്രവർത്ഥനങ്ങൾക്ക് ചുക്കാൻ പിടിച്ചു. വിവാഹത്തിനായി വാക്കാൽ ചില ഉറപ്പുകൾ കിട്ടിയ പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിൽ ആണെന്നറിയിച്ചു.
മാധ്യമങ്ങൾ ചെയ്ത ലൈവ് കണ്ടിട്ടാണോ അതോ പെൺകുട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും നേരിട്ട് അവിടെ വന്നതാണോ എന്നറിയില്ല, എന്തായാലും ആ വിവാഹാലോചന മുടങ്ങിപ്പോയി. പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും, ഹെലികോപ്റ്ററിൽ തലചുമടായി കൊണ്ട് കയറ്റുന്നതും, മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞത്രേ.
എയർഫോഴ്സിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്ന് അവർ കരുതിക്കാണും. ഈ ചുമടെടുപ്പ് തന്നെയാണ് എയർഫോഴ്സിലെ ഓഫീസിലും മനുവിനുള്ളതെന്ന് അവർ തെറ്റിദ്ധരിച്ചു.
നിങ്ങളുടെ യഥാർത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് എന്നെ കാണാൻ എത്തിയ മനുവിനോട് ഞാൻ ചോദിച്ചു.
“ഞാനൊരു പട്ടാളക്കാരനാണ്. ചിലപ്പോൾ ഇത്പോലെയുള്ള
ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക. ഇപ്പോഴേ
പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ” എന്നായിരുന്നു പാവം മനുവിന്റെ ഉത്തരം.
Post Your Comments