കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ വിശ്വാസവും, സംസ്ക്കാരവും വിളിച്ചോതിയ ഓച്ചിറ കാളകെട്ട് മഹോത്സവം വർണ്ണാഭമായി. കൈ വെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞിക്കാളകൾ മുതൽ 53 അടി ഉയരുമുള്ള കാളക്കൂറ്റൻമാർ വരെയാണ് പടനിലത്തെത്തിയത്.
കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ചുരുക്കിയായിരുന്നു ഇത്തവണത്തെ കാളകെട്ട് മഹോത്സവം. ദിവസങ്ങൾ നീണ്ട വ്രതാനുഷ്ടാനങ്ങൾക്കൊടുവിലാണ് നന്ദികേശൻമാരുമായി ഭക്തർ ഓച്ചിറ പടനിലത്തെത്തിയത്.
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽ നിന്നായി 140 നന്ദികേശൻമാരാണ് ക്ഷേത്രത്തിൽ എത്തിയത്. രാവിലെ നടന്ന പ്രത്യേകപൂജകൾക്ക് ശേഷം ഗ്രാമപ്രദഷിണം നടത്തിയാണ് കാളകൾ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകളുടെ കൂട്ടായ്മയിലും, കുട്ടികളുടെ കൂട്ടായ്മയിലും കെട്ടുകാഴ്ചകൾ അണിനിരന്നു. 53 അടി ഉയരമുള്ള മാമ്പ്രക്കന്നയുടെ നന്ദികേശനാണ് ഉയരത്തിൽ രാജാവ്.
ആഘോഷങ്ങൾ ചുരുക്കി നടത്തിയ ഉത്സവത്തിൽ മിച്ചം വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് വിവിധ കരക്കാർ ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
Post Your Comments