Latest NewsKeralaNews

കച്ചവടസ്ഥലത്തും വീടുകളിലുമെല്ലാം കാണപ്പെടുന്ന അവരുടെ കുട്ടികള്‍ക്കെല്ലാം ഒരേ വേഷവും ഭാഷയും; കാരണം

ഓച്ചിറയില്‍ ഓടുകള്‍കൊണ്ടു മേല്‍ക്കൂര തീര്‍ത്ത ഒരു കൊച്ചുവീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഉയര്‍ന്ന നിലവിളി ഇപ്പോഴും നിലച്ചിട്ടില്ല. വൈദ്യശാസ്ത്ര സൗകര്യങ്ങളില്‍ വിദേശ രാജ്യങ്ങളെപ്പോലും തോല്‍പിക്കുന്ന ഒരു നാട് കേള്‍ക്കണം. നിലവിളി ഉയര്‍ന്നത് മലയാളികളുടെ അടച്ചുറപ്പുള്ള, ഇരുമ്പുചങ്ങല കൊണ്ടു പൂട്ടിയ ഗേറ്റുള്ള വീടുകളില്‍നിന്നായിരുന്നില്ല. ജീവിക്കാന്‍വേണ്ടി കേരളത്തിലെത്തി ഈ നാട് സ്വന്തം നാട് പോലെ കാണുന്ന പാവപ്പെട്ടവരുടെ കൊച്ചുവീട്ടില്‍നിന്ന്. അധികാരങ്ങളും അവകാശങ്ങളും സൗകര്യങ്ങളും ഇല്ലാത്ത, വോട്ടര്‍പട്ടികയില്‍ പേരു പോലും ഇല്ലാത്തവരുടേത്. അവര്‍ ദൈവത്തിന്റെ സ്വന്തം നാടിനോട് ചോദിക്കുന്നുണ്ട് ഇതാണോ ആതിഥ്യമര്യാദ..?

വഴിയോര കച്ചവടക്കാരായ ഇതര സംസ്ഥാന ദമ്പതികളെ വീട്ടില്‍കയറി ആക്രമിച്ച് പതിനാലുകാരിയായ മകളെ കടത്തിക്കൊണ്ടുപോയതാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറച്ചുപേര്‍ പിടിയിലായിട്ടുമുണ്ട്. ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പും പെണ്‍കുട്ടിക്കു നേരെ ആക്രമണം നടന്നിരുന്നു. വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വീട്ടുകാരെ ഭീഷണിപ്പെടുത്താനായി ഒരിക്കല്‍ ഓട് പൊളിച്ച് വീട്ടിനകത്തുകടന്ന സംഘം കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യവും അപഹരിച്ചാണ് കടന്നത്. ഈ സംഭവങ്ങളും കൂടി അവര്‍ത്തിച്ചുപറയുന്നതിന് ഒരു കാരണമുണ്ട്. തിങ്കളാഴ്ച രാത്രി നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ച് കാലങ്ങളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്കുനേരെ നടക്കുന്ന ആക്രമങ്ങളുടെ തുടര്‍ച്ച. അവിടെ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുരക്ഷിതത്വമില്ലാത്തതിന്റെ തുടര്‍ച്ച.

ഓച്ചിറയിലെ ആക്രമണ സംഭവം പുറത്തുവന്നപ്പോഴാണ് ഇതരസംസ്ഥാനക്കാരുടെ ജീവിതരീതിയുടെ ഒരു പ്രത്യേകതകൂടി വെളിപ്പെട്ടത്. കച്ചവടസ്ഥലത്തും വീടുകളിലുമെല്ലാം കാണപ്പെടുന്ന അവരുടെ കുട്ടികള്‍ക്കെല്ലാം ഒരേ വേഷം. ആണ്‍കുട്ടികളുടെ വേഷം. ഒരേ രീതിയിലുള്ള ഭാഷ. ആണ്‍കുട്ടികളുടെ ഭാഷ. അവര്‍ നടക്കുന്നതോ കൂട്ടമായും. കേരളത്തിലെത്തിയതിനുശേഷം മാത്രമാണ് ഇങ്ങനെയൊരു ജീവിതരീതി അവര്‍ സ്വീകരിക്കുന്നത്. കാരണം ഇതരസംസ്ഥാനക്കാരുടെ പെണ്‍കുട്ടികള്‍ നാട്ടുകാരുടെ നോട്ടപ്പുള്ളികളാണ്. തരം കിട്ടിയാല്‍ ആക്രമിക്കും. അക്രമിച്ചു കീഴടക്കും. പൊലീസ് കേസോ അന്വേഷണം പോലുമോ ഉണ്ടാകില്ല. ആ ധൈര്യത്തിലായിരിക്കും ഇത്തവണയും ആക്രമണം പ്ലാന്‍ ചെയ്യുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. ഇതെല്ലാം ഉത്തരേന്ത്യയിലോ വിദേശങ്ങളിലോ അല്ല നടക്കുന്നത്, കേരളത്തില്‍. ഗിന്നസ് ബുക്കില്‍ കയറിയ വനിതാ മതിലിന്റെ നാട്ടില്‍ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നത് ആണ്‍കുട്ടികളുടെ വേഷത്തില്‍.

സ്വന്തം വീട്ടില്‍, മുറിയില്‍, പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും അവര്‍ സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ കേരളം തലയുയര്‍ത്തും. ജീവിക്കാന്‍ കേരളത്തിലേക്ക് വരുന്നവരോട് ഇതാണോ മലയാളികള്‍ കാണിക്കേണ്ട ആതിഥ്യമര്യാദ. നാളുകളായി മൂടിവച്ച മലയാളികളുടെ കപടനാട്യമാണ് ഇവിടെ പുറത്തുവരുന്നത്. വിദേശത്തും വിദൂരത്തുമുള്ള ദേശങ്ങള്‍പോലും സ്വന്തം നാടാക്കുകയും അന്യരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുകയും ചെയ്യുന്ന അതേ മലയാളികളുടെ കപടനാട്യം.

ജീവിക്കാന്‍ വേണ്ടി നാടുവിട്ട് കാമുകനെ അന്വേഷിച്ച് കേരളത്തിലെത്തിയ ഒരു പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് പിച്ചിച്ചീന്തിയ സംഭവവും നടന്നത് ഈ അടുത്താണ് നടന്നത്. അതും കണ്ണൂരില്‍. സ്വന്തം മകളെ നഷ്ടപ്പെട്ട്, ആക്രമണത്തിനു വിധേയരായി ആശുപത്രിയില്‍ ചികില്‍സ തേടിയ ഇപ്പോഴത്തെ സംഭവത്തിലെ ദമ്പതികളുടെ അവസ്ഥ ഇനിയെന്താകും ? അവരെപ്പോലെ നാട്ടുകാരായ അക്രമികളെ പേടിച്ച് തങ്ങളുടെ പെണ്‍കുട്ടികളെ ആണ്‍കുട്ടികളായി വളര്‍ത്തുന്ന മറ്റു കുടുംബങ്ങളുടെ അവസ്ഥയോ. ഒരു രാത്രിയെങ്കിലും സമാധാനത്തോടെ അവര്‍ക്ക് ഉറങ്ങാനാകുമോ. മക്കളെ വീട്ടിലാക്കി ഒരു ദിവസമെങ്കിലും അവര്‍ക്ക് കച്ചവടത്തില്‍ ശ്രദ്ധിക്കാനാകുമോ. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുമ്പോള്‍ സൗകര്യപൂര്‍വം മറക്കാം തട്ടിക്കൊണ്ടുപോകപ്പെട്ട ആ പെണ്‍കുട്ടിയെക്കുറിച്ച്. അതോര്‍ത്താല്‍ ഒരുപക്ഷേ മലയാളികളുടെ ആതിഥ്യമര്യാദകളും അഭിമാനവും ഒരു ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button