ജയ്പൂര്‍•മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക അംഗങ്ങളില്‍ ഒരാളുമായ ജസ്വന്ത് സിംഗിന്റെ കുടുംബം പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു. ജസ്വന്ത് സിംഗിന്റെ മകനും ബാര്‍മര്‍ ജില്ലയിലെ ഷിയോയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുമായ മാനവേന്ദ്ര സിംഗ് ശനിയാഴ്ച പാര്‍ട്ടി വിട്ടു.
ശനിയാഴ്ച പചപദ്രയില്‍ സംഘടിപ്പിച്ച ‘സ്വാഭിമാന്‍ റാലി’യില്‍ വച്ചാണ് മാനവേന്ദ്ര തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസമാദ്യം മുഖ്യമന്ത്രി വസുന്ധര രാജേ നടത്തിയ ‘ഗൗരവ് യാത്ര’യില്‍ നിന്ന് മാനവേന്ദ്രയുടെ മണ്ഡലത്തെ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ‘സ്വാഭിമാന്‍ റാലി’യ്ക്ക് മാനവേന്ദ്ര ആഹ്വാനം ചെയ്തത്. വസുന്ധര രാജേയുടെ യാത്രയില്‍ മാനവേന്ദ്രയും പങ്കെടുത്തിരുന്നില്ല.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാര്‍മര്‍ മണ്ഡലത്തില്‍ ബി.ജെ.പി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് വാജ്പേയി മന്ത്രിസഭയിലെ പ്രധാനിയായിരുന്ന ജസ്വന്ത് സിംഗ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ വസുന്ധര രാജേയാണെന്ന് സിംഗ് സംശയിക്കുന്നു. മകന്‍ മാനവേന്ദ്ര ബി.ജെ.പി ടിക്കറ്റില്‍ എം.എല്‍.എയായിരുന്നുവെങ്കിലും പിതാവിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചെങ്കിലും ഭാവി പരിപാടികള്‍ മാനവേന്ദ്ര വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാനവേന്ദ്രയുടെ തീരുമാനം നിര്‍ണായകമാകും.
Post Your Comments