തിരുവനന്തപുരം: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണ നല്‍കി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി പിന്തുണ നല്‍കിയത്. ഇതൊരു ജീവന്മരണ സമരമാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുടെയും അവരെ അനുകൂലിക്കുന്നവരുടെയും ജാതിയും മതവും പക്ഷവുമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. പണവും രാഷ്ട്രീയ ബലവും ഇല്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയും ഒരു സ്ത്രീയും കേരളത്തില്‍ അപമാനിക്കപ്പെട്ടു കൂട- എന്നാണ് ശാരദക്കുട്ടി പോസ്റ്റില്‍ പറയുന്നത്.
ന്യായമായ സമരങ്ങളെ ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നാണ് വിശ്വാസമെന്നും, ഇനി അതിന് ശ്രമിച്ചാല്‍ അനുവദിച്ച് കൊടുക്കില്ലെന്നും അവര്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കന്യാസ്ത്രീകള്‍ക്കു നീതി കിട്ടുന്നതു വരെ ബുദ്ധിയും ബോധവും ഹൃദയവും വാക്കും ശരീരവും വിശ്രമിക്കാനനുവദിക്കരുത്. വാക്കുകള്‍ നീതിക്കുവേണ്ടി ഉള്ള ആയുധങ്ങളാകട്ടെ.. വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടുക.. സമരവേദിയിലെത്താന്‍ കഴിയാത്തവര്‍ ഇരിപ്പിടം സമരവേദിയാക്കുക.. ഇതൊരു ജീവന്മരണ സമരമാണ്.
ഈ സമരത്തില്‍ പങ്കെടുക്കുന്നവരുടെയും അവരെ അനുകൂലിക്കുന്നവരുടെയും ജാതിയും മതവും പക്ഷവുമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. പണമോ പദവിയോ ബന്ധുബലമോ രാഷ്ട്രീയ സ്വാധീനമോ കായിക ബലമോ ആവരുത് നീതിയുടെ മാനദണ്ഡം. അവ ഇല്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയും ഒരു സ്ത്രീയും കേരളത്തില്‍ അപമാനിക്കപ്പെട്ടു കൂടാ.. തെരുവില്‍ നിരാഹാരമിരിക്കേണ്ടി വരരുത്.
ന്യായമായ ഒരു സമരത്തിന്റെയും ആത്മവീര്യം കെടുത്തുവാന്‍ സമരപാരമ്പര്യങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കില്ല എന്ന വലിയ വിശ്വാസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അഥവാ അതിന് ശ്രമിച്ചാല്‍ അനുവദിക്കപെടുകയില്ല എന്ന് തെളിയിക്കേണ്ട അവസരം കൂടിയാണിത്.
സമരമുഖത്തു തളരാതെ തുടരുന്നവരുടെ വീര്യം നമ്മുടെ വാക്കുകള്‍ കൊണ്ട്, പിന്തുണ കൊണ്ട് ,സാന്നിധ്യം കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തുക.
Post Your Comments