
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നിന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറൽ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥന്റെ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എംജെ ആന്റണി നൽകിയ അപേക്ഷയിലാണ് നടപടി.
കോട്ടയം മുൻ എസ്‌പിയായിരുന്ന ഹരിശങ്കർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കർ നടത്തിയ പരാമർശം ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.
‘വിധി നിർഭാഗ്യകരമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണ്’ വിധി വന്നതിനു പിന്നാലെ ഹരിശങ്കർ പ്രതികരിച്ചു. എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാൾ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് ഹരിശങ്കർ ആരോപിച്ചു. സമാനമായ മറ്റ് കേസുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന വിധി അംഗീകരിക്കാനാകില്ലെന്നും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments