തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ വരുമെന്ന് റിപ്പോർട്ട്. ഫ്രാങ്കോ മുളക്കയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അംഗീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ബിഷപ്പിനെ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പൂർത്തിയായതായി സഭാവൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബിഷപ്പ് ഫ്രാങ്കോയ്ക്കനുകൂലമായ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതായി ശനിയാഴ്ച ജലന്ധർ രൂപത സന്ദർശനത്തിനിടെ ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി വ്യക്തമാക്കി. പി.ടി.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കുറ്റം സംബന്ധിച്ച കോടതി വിധി വത്തിക്കാൻ അംഗീകരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Also Read:വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച കേസിലെ പ്രതി ഒളിവിൽ
ബിഷപ്പ് ഫ്രാങ്കോ വീണ്ടും ജലന്ധർ രൂപതയുടെ ബിഷപ്പായി വരുമോയെന്ന ചോദ്യത്തിന്, ദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കാനുള്ള അധികാരം മാർപ്പാപ്പയ്ക്ക് ആണെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ബിഷപ്പ് നേരിട്ട് മാർപാപ്പയുടെ അധികാരത്തിന് കീഴിലാണെന്നും ഗിറെല്ലി വ്യക്തമാക്കി. വിധി വന്ന് നാല് മാസത്തിന് ശേഷമാണ് കോടതി വിധി അംഗീകരിക്കാൻ വത്തിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതോടെയാണ്, ബലാത്സംഗക്കേസിൽ ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയത്. കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതായിരുന്നു വിധി. കുറ്റാരോപിതനെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച കന്യാസ്ത്രീ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments