ന്യൂഡൽഹി: യുപിഎ ഭരണത്തില്‍, രാജ്യസുരക്ഷ അപകടത്തിലാക്കിയ പ്രതിരോധ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ കോടതി ഉത്തരവായി. പലസത്യങ്ങളും ക്രിസ്റ്റ്യന്‍ വിളിച്ചു പറയും. കോണ്‍ഗ്രസിലെ ചിലര്‍ അഴിയെണ്ണും. അവരില്‍ പ്രമുഖരുണ്ടാകും. മിഷേലിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് വിട്ടുകിട്ടുന്നതോടെ ആര്‍ക്കൊക്കെയാണ് പണം നല്‍കിയതെന്ന് കുറേക്കൂടി വ്യക്തമാകും. കേസിലെ മുഖ്യപ്രതി മുന്‍വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയാണ്. ചൊവ്വാഴ്ചയാണ് യുഎഇ കോടതിയുടെ തീരുമാനം വന്നത്.
മോദി സര്‍ക്കാരിന്റെ നയതന്ത്രരംഗത്തെ വന്‍ വിജയമാണിത്. നിരവധി കോണ്‍ഗ്രസ് നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കോടികളുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനാണ് ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ജയിംസ് .3727 കോടിയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍ തുകകള്‍ കോഴ നല്‍കിയിരുന്നതായി മിഷേലിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.ബ്രിട്ടീഷ് ഇറ്റാലിയന്‍ കമ്പനിയാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്. ഹെലിക്കോപ്റ്ററുകളാണ് ഇവരുടെ പ്രധാന ഉല്‍പ്പന്നം.
ഇന്ത്യയിലെ വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ കോപ്റ്ററുകള്‍ വാങ്ങിയത് ഇവരില്‍ നിന്നാണ്. ഇവര്‍ക്ക് കരാര്‍ നല്‍കാനായി വ്യവസ്ഥകളില്‍ വലിയ ഇളവുകള്‍ വരുത്തിയെന്നും അതിന് 350 കോടി കോഴ നല്‍കിയെന്നുമാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തിയത്.ഇടപാടിലെ ഇടനിലക്കാരനായ മിഷേല്‍ വഴിയാണ് കോഴപ്പണം (350 കോടി രൂപ) പലര്‍ക്കായി വീതിച്ചു നല്‍കിയത്. 2017 ഫെബ്രുവരിയില്‍ യുഎഇ അധികൃതരാണ് ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം മിഷേലിനെ അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഇയാളെ വിട്ടുകിട്ടാനുള്ള നിയമനടപടികള്‍ നടക്കുകയായിരുന്നു.
ഇപ്പോള്‍ യുഎഇയില്‍ ജാമ്യത്തിലാണ്. ഇതിനകം പലതവണ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ യുഎഇയില്‍ എത്തി രേഖകള്‍ വാങ്ങുകയും കൈമാറുകയും കുറ്റപത്രം നല്‍കുകയും സാക്ഷി മൊഴികള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അതേസമയം മിഷേലിനെ കാണാനില്ലെന്ന് അയാളുടെ അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ സിബിഐ കണ്ടെത്തിയ, ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ജയിംസിന്റെ ഡയറിയില്‍ കോപ്റ്റര്‍ ഇടപാട് ഉറപ്പിക്കാന്‍ കോഴ നല്‍കിയതായി കുറിച്ചിട്ടിരുന്നു. എപി, പിഒഎല്‍, ബി യു ആര്‍, എഎഫ് തുടങ്ങിയ കുറിപ്പുകളാണ് ഇതിലുള്ളത്.
അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി വളരെ അടുത്ത ഒരാളിന്റെ പേര് ഇതിലുണ്ടെന്ന് സൂചന അന്ന് മിഷേല്‍ തന്നെ നല്‍കിയിരുന്നു. ആ പേരാണ് ‘എ പി’യെന്നതെന്നും അത് അഹമ്മദ് പട്ടേലിന്റെയാണെന്നും വാര്‍ത്തകളും വന്നിരുന്നു. മുന്‍വ്യോമസേനാ മേധാവി എസ്പിത്യാഗിക്കും ബന്ധുക്കള്‍ക്കും വന്‍തുകകളാണ് കോഴ ലഭിച്ചത്. 72 കാരനായ ത്യാഗിയെ 2016ല്‍ അറസ്റ്റ് ചെയ്തു. അഴിമതിക്കേസില്‍ കുടുങ്ങുന്ന ആദ്യ സൈനിക മേധാവിയായിരുന്നു ത്യാഗി.വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 12 ആഡംബര ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2007ലാണ് കരാര്‍ ഒപ്പിട്ടത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കമുള്ളവര്‍ക്ക് യാത്ര ചെയ്യേണ്ട കോപ്ടറുകള്‍ക്ക് 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വെസ്റ്റ്‌ലാന്‍ഡ് കോപ്ടറുകള്‍ക്ക് ഇത്രയു ഉയരത്തില്‍ പറക്കാന്‍ ശേഷിയില്ല. കരാര്‍ ഇവര്‍ക്ക് നല്‍കാന്‍ ത്യാഗി അടക്കമുള്ളവര്‍ ചേര്‍ന്ന് പറക്കല്‍ ശേഷി നിബന്ധന ഇളവ് ചെയ്തു. 4500 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശേഷി മതിയെന്ന് ഇവര്‍ നിശ്ചയിച്ചു. അതോടെ കരാര്‍ വെസ്റ്റ്‌ലാന്‍ഡിന് നല്‍കാനുള്ള ചരടുവലികളായി. മിഷേല്‍ അടക്കം മൂന്ന് ഇടനിലക്കാരാണ് ഉണ്ടായിരുന്നത്.
കരാര്‍ ലഭിക്കാന്‍ വഴികള്‍ ഒരുക്കിയവര്‍ക്കായി 350 കോടിയിലേറെ രൂപയാണ് നല്‍കിയത്. വിവാദമായതോടെ 2014ല്‍ കരാര്‍ റദ്ദാക്കി.കോഴ നല്‍കി ഇന്ത്യയുമായി കോപ്റ്റര്‍ ഇടപാട് ഉറപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് ഇറ്റലിയിലും വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഇത് കേസായി. കേസില്‍ അഗസ്റ്റയുടെ മാതൃ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മേധാവി ഗിസപ്പെ ഓര്‍സി, അഗസ്റ്റ മേധാവി ബ്രൂണോ സ്പഗ്‌നോലിനി എന്നിവരെ നാലരക്കൊല്ലം തടവിന് വിധിച്ചിരുന്നു. പിന്നീട് ഇറ്റാലിയന്‍ അപ്പീല്‍ കോടതി ഇവരെ കുറ്റവിമുക്തരാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ കുടുങ്ങുമെന്ന പേടിയാണ് റഫാല്‍ കരാറിന്റെ പേരില്‍ ഉണ്ടാക്കുന്ന പുറകമറയും കോലാഹലവുമെന്നാണ് ബിജെപിയുടെ ആരോപണം. ഫ്രാന്‍സുമായി ഉണ്ടാക്കിയ റഫാല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ( വിമാനത്തിന്റെ ചില പ്രത്യേകതകള്‍ ഒഴിച്ച്) സര്‍ക്കാര്‍ വെളിപ്പെടുത്തിയതാണ്. ഇത് പാര്‍ലമെന്റിലും അറിയിച്ചതുമാണ്.
‘എന്നിട്ടും അതില്‍ അഴിമതി ആരോപിക്കുന്നതും വിവാദം ഉണ്ടാക്കുന്നതും അഗസ്റ്റ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ചൊവ്വാഴ്ചയാണ് യുഎഇ കോടതി ഉത്തരവുണ്ടായത്. ബുധനാഴ്ച തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സിഎജിയെ കണ്ട് റഫാല്‍ കരാര്‍ അന്വേഷിക്കണക്കമെന്ന് ആവശ്യപ്പെട്ടു. വിവാദം കൊഴുപ്പിച്ച് നിര്‍ത്തി അഗസ്റ്റ കേസിലെ ഉത്തരവ് മുക്കുക, ജനശ്രദ്ധ തിരിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യമെന്നും’ ബിജെപി ആരോപിക്കുന്നു..
Post Your Comments