News

ചാരക്കേസ് നൽകുന്ന  രാഷ്ട്രീയ സൂചനകൾ  : ആന്റണി അടക്കമുള്ളവർ സ്വീകരിച്ച നിലപാട് പരിശോധിക്കപ്പെടണം : മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു 

ഐഎസ്ആർഓ കേസിലെ സുപ്രീം കോടതിവിധിക്ക് രാഷ്ട്രീയമായി അനവധി മാനങ്ങളുണ്ട്. നമ്പി നാരായണന്  നഷ്ട പരിഹാരം നൽകാനുള്ള ഉത്തരവല്ല അതിൽ പ്രധാനപ്പെട്ടത് എന്നാണ് എനിക്ക് തോന്നുന്നത്; അതിലേറെ പ്രധാനപ്പെട്ടതാണ് ആ വിഷയത്തിൽ ഒരു സമഗ്രമായ അന്വേഷണത്തിനുള്ള കോടതിയുടെ തീരുമാനം. മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ഡികെ ജെയിൻ ആണ് അതിന് മേൽനോട്ടം വഹിക്കുക;മൂന്നംഗ കമ്മീഷനാവും അത്. അതിലൂടെ കുറെകാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയണം. അന്നത്തെ  ഇടപാടുകൾ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ഇത് സഹായിക്കും എന്നാണ് കരുതേണ്ടത്. മറ്റൊന്ന്,  കേരളത്തിലെ കോൺഗ്രസിൽ അതുണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല എന്നതാണ് . അത് വളരേണ്ടതുണ്ട്; അത് വിചാരിച്ചതിലും വേഗത്തിൽ വികസിക്കാനുള്ള സാധ്യത കാണാതിരുന്നിട്ടു കാര്യമില്ല.

 

ചാരക്കേസിലെ വിശദാംശങ്ങളിലേക്ക് ഈ വേളയിൽ ഞാൻ കടക്കുന്നില്ല. അതിൽ പലതും തെളിയിക്കേണ്ട ചുമതല ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്. അവർ അത് ചെയ്യുമെന്ന് കരുതാം. അവർക്കും അവരുടെ നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള വേളയായി അതിനെ മാറ്റണമല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ, ഇത് ആ സംഭവങ്ങൾ മുഴുവൻ ഒരിക്കൽ കൂടി പരിശോധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു. റീവൈൻഡിങ് നടക്കും. അത് നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആകെയുള്ള ആശങ്ക, ഐബി, കേരളാ പോലീസ് എന്നിവർ കണ്ടെത്തിയ അനവധി കാര്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് സിബിഐ ചെയ്തതാണ്. അത് കുറെയൊക്കെ തടസങ്ങൾ ഉണ്ടാക്കും. മറ്റൊന്ന് ഇത്രയും കാലമായില്ലേ….. 24 വർഷം;  ഏതാണ്ട് രണ്ടു വ്യാഴവട്ടക്കാലം.   വസ്തുതകൾ കണ്ടെത്തുന്നതിലും മറ്റുമൊക്കെ അതും ചില തടസങ്ങൾ ഉണ്ടാക്കാം.

ഇതിപ്പോൾ കേരളത്തിലെ കോൺഗ്രസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് കെ കരുണാകരനെ പുറത്താക്കാൻ കളിച്ചവരെക്കുറിച്ചു പത്മജ വേണുഗോപാൽ പറഞ്ഞത് അതിന്റെ സൂചനയാണ്. അവർ ലക്ഷ്യമിട്ടത് എ ഗ്രൂപ്പുകാരെയാണ് എന്നത് ആർക്കാണ് അറിയാത്തത്‌. ചാരക്കേസ് വന്നപ്പോൾ കരുണാകരനെ മുഖ്യമന്ത്രി പദത്തിൽ നിന്ന്  ചാടിക്കാൻ ശ്രമിച്ചത് എ ഗ്രൂപ്പ് കാരായിരുന്നുവല്ലോ. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എംഎം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെസി ജോസഫ് എന്നിവരൊക്കെ അതിൽ പ്രധാനികളാണ് എന്ന് കരുതുന്നവരാണ് പലരും; എന്നാൽ തെളിച്ചു പറയുന്നില്ല എന്നുമാത്രം. അക്കാലത്ത് ചില  പഴയ കരുണാകര ഭക്തന്മാരും അവരുടെ കൂടെയുണ്ടായിരുന്നു. അതൊക്കെ കേരളം കണ്ടതാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുളളിൽ  നടത്തിയ നീക്കങ്ങൾ ഓർമ്മയിലുള്ളവർ അനവധി ഇന്നുമുണ്ടല്ലോ. ചെറിയാൻ ഫിലിപ്പിനെപ്പോലുള്ളവർ അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും വലിയ ഗുണഭോക്താവ് എകെ ആന്റണിയാണ്. കരുണാകരൻ പോകുമ്പോൾ ആ കസേരയിലേക്ക് എത്തിയത് ആന്റണിയാണല്ലോ. ഒരു പക്ഷെ എ ഗ്രൂപ്പുകാരെക്കൊണ്ട് കരുണാകരനെതിരെ യുദ്ധം ചെയ്യിച്ചത് അദ്ദേഹമാവണം. ഒരു നിർദ്ദേശം വരണമല്ലോ; അത് ആന്റണിയിലൂടെയാവണം. അക്കാലത്തു ആന്റണി- കരുണാകരൻ ബന്ധം അത്ര മെച്ചപ്പെട്ടതായിരുന്നുമില്ല.

മറ്റൊന്ന് ഇതിന് കാരണം പിവി നരസിംഹ റാവു എന്ന അന്നത്തെ കോൺഗ്രസ് അധ്യക്ഷനും പ്രധാമന്ത്രിയും ആണ്  എന്നത് മറക്കരുത്. റാവുവാണ് കരുണാകരൻ ഇനി മുഖ്യമന്ത്രി പദത്തിൽ വേണ്ട എന്ന് തീരുമാനിക്കുന്നത്. കാരണം തന്റെ  കുടുംബാംഗം ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞിട്ടും ആ കേസ് മുന്നോട്ട് കൊണ്ടുപോകാൻ അനുമതി കൊടുത്തത് കരുണാകരൻ ആവണം എന്ന് റാവു കരുതിയിരിക്കണം. അക്കാര്യം കരുണാകരൻ നേരിട്ട് റാവുവിനോട് പറഞ്ഞതുമില്ലല്ലോ. പ്രധാനമന്ത്രി അതറിയുന്നത് ഐബിയിലൂടെയാണ്. അതല്ലേ രാത്രിക്ക് രാത്രി തിരുവനന്തപുരത്തേക്ക് റാവു പറന്നുവന്നതും അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതും കേസ് അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയതും. സിബിഐയെ കേസ് ഏൽപ്പിക്കാൻ ഐബിയെക്കൊണ്ട് ശുപാര്ശചെയ്യിച്ചു. നരസിംഹ റാവുവിന്റെ വിശ്വസ്തനായ കെ വിജയരാമ റാവു ആയിരുന്നുവല്ലോ അന്ന് സിബിഐ ഡയറക്ടർ.  “റാവു മാൻ ” എന്നാണ് സിബിഐ ഡയറക്ടർ  അറിയപ്പെട്ടിരുന്നത് തന്നെ. അതുകൊണ്ട് ആ കേസ് അട്ടിമറിക്കാൻ ഒരു പ്രയാസവും പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നില്ല.

ഇന്നിപ്പോൾ റാവു ഇല്ല ; കരുണാകരനും ഇല്ല. എന്നാൽ എകെ ആന്റണിയുണ്ട്. അദ്ദേഹം ഇന്നിപ്പോൾ ഹൈക്കമാണ്ടിലെ പ്രമുഖനാണ്. അദ്ദേഹം ഇതിൽ കാണിച്ച താല്പര്യമെന്താണ് എന്നത് തുറന്നുകാട്ടപ്പെടേണ്ടതല്ലേ. അതുപോലെയാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസുകാരുടെ റോൾ. സിപിഎം ഒരു കാര്യം പറഞ്ഞുകഴിഞ്ഞു……..കോടതി വിധിച്ച നഷ്ടപരിഹാരം കൊടുക്കേണ്ടത് കോൺഗ്രസ് നേതാക്കളാണ് എന്ന്. അതിനപ്പുറം കുറെ കാര്യങ്ങൾ ഇതിലുണ്ട്. കരുണാകരൻ ഇതിൽ തെറ്റുകാരനാണ് എന്ന് എനിക്ക് തോന്നുന്നില്ല; മറിച്ച് നരസിംഹ  റാവു അദ്ദേഹത്തോട് നീതികേടു കാണിക്കുകയാണ് ചെയ്തത്. ഇവിടെ ഓർക്കേണ്ടത്, കരുണാകരനാണ് യഥാർഥത്തിൽ റാവുവിനെ പ്രധാനമന്ത്രി ആക്കുന്നത് എന്നതാണ്. ഒരു കിംഗ് മേക്കർ എന്ന നിലക്ക് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്ന ലീഡറെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ ചെയ്തത്. അവസാനം ഡൽഹിയിൽ ഒരു കേന്ദ്രമന്ത്രിയാക്കി ഒതുക്കി.  മറ്റൊന്ന് നേരത്തെ സൂചിപ്പിച്ചത് പോലെ എ ഗ്രൂപ്പ് നേതാക്കൾക്ക് ഈ  ചാരക്കേസിൽ എന്ത് റോൾ ആണുണ്ടായിരുന്നത് എന്നതും അന്വേഷിക്കാവുന്നതും ചർച്ചാവിഷയമാക്കാൻ കഴിയുന്നതുമാണ്. ഇവിടെ ബിജെപി  ഒരു നിലപാട് എടുക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അത് നമ്പി നാരായണനെ ചുറ്റിപ്പറ്റിയാവണോ എന്നതും ചർച്ചചെയ്യപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button