KeralaLatest NewsIndia

എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഇനി ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡ‍ൽഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നഡ്ഡ പുറത്തുവിട്ട പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടികയിലാണ് അനിലും ഇടംപിടിച്ചത്. അതേസമയം, ബിജെപി ദേശീയ ഉപാധ്യക്ഷനായി എ പി അബ്ദുള്ളകുട്ടി തുടരും.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്.

കഴിഞ്ഞ ദിവസം അനിൽ ആന്റണി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ എത്തിയാണ് അനിൽ മോദിയെ കണ്ടത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ പ്രധാനമന്ത്രിയുമായി നേരിൽ കണ്ട് ചർച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിലും അനിൽ മുൻനിരയിൽ ഇടംനേടിയിരുന്നു.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അനിലിനെ കോട്ടയം പാർലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് മുന്നോടിയായി കേരളത്തിൽ സജീവമാകാൻ നിർദേശിച്ചതായും വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button