Article

പൊലീസ് പുല്ലല്ല, ആത്മാവിന്റെ അയല്‍ക്കാര്‍ തന്നെ- രാധിക സി നായര്‍ ഹൃദയസ്പര്‍ശിയായി എഴുതുന്നത്

പൊടുന്നനേ ഒരു പ്രശ്നമുണ്ടായപ്പോൾ സമീപത്തുള്ള പോലീസ്സ്റ്റേഷനിലേക്ക് കയറിച്ചെല്ലാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.

കുടുംബത്തിൽ ഒരുപാടു പോലീസുകാരുണ്ടായിരുന്നു. ഒരു ക്യാമ്പിനുള്ളത്രേം.  പട്ടാളത്തിലുമുണ്ടായിരുന്നു കുറേപ്പേർ. അച്ഛൻ സി.ആർ പി എഫിൽ സബ്ബ് ഇൻസ്പെക്ടറായാണ് റിട്ടയർ ചെയ്തത്. അഗർത്തലയിലും ഇംഫാലിലും ഛണ്ഡീഗഡിലും അസമിലും നാഗാലാൻഡിലും നമ്മുടെ പാളയത്ത് ഉണ്ടായിരുന്ന സി.ആർ പി എഫ് ക്യാമ്പിലും വരെ അച്ഛൻ ജോലി ചെയ്തിട്ടുണ്ട്. മൂത്തജ്യേഷ്ഠൻ സി.ആർ പി എഫിൽ സബ്ബ് ഇൻസ്പെക്ടറായി കയറിയതാണ്. മദ്രാസിലെ ആവടിയിലെ ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡ് കാണാൻ അച്ഛന്റെയും അമ്മയുടെയും കൂടെ ഞാനും പോയിരുന്നു. പുള്ളി ഇപ്പോൾ ഡൽഹി പോലീസിൽ ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറാണ്. പുള്ളിയുടെ മകൻ ആർമിയിൽ മേജറും.

അമ്മയുടെ ചേച്ചിയുടെ ഭർത്താവ് കേരളാ പോലീസിൽ സബ്ബ് ഇൻസ്പെക്ടറായിരുന്നു. കുപ്രസിഡമായ പൂന്തുറ വെടിവയ്പ്പു കേസിൽ ലഹള ഭയന്ന് കടലിൽച്ചാടി ഒടുവിൽ മത്സ്യത്തൊഴിലാളികൾ ചൂണ്ട കൊരുത്തു പിടിച്ചു കരയ്ക്കടുപ്പിച്ചത് വല്യച്ഛനെയാണ്.
ചൂണ്ടത്തമ്പി എന്ന വിളിപ്പേരിൽ മരണം വരെ നാഭിക്കു മുകളിൽ ചൂണ്ട കൊരുത്ത പാടുമായി ജീവിച്ച ആൾ. അച്ഛന്റെ പെങ്ങളുടെ ഭർത്താവ് ആർമി ഓഫീസറായിരുന്നു.

Read Also: ശ്രീനി നീ എന്നെ വിട്ടേക്ക്, നിനക്ക് വേറെ ആളെ കിട്ടും; പേളിയുടെ പ്രണയത്തെ ചോദ്യം ചെയ്ത് മോഹന്‍ലാലും

ഒരു മകളുടെ ഭർത്താവ് ബി.എസ് എഫിൽ കമാൻഡന്റ് ആയിരിക്കേ പാകിസ്ഥാൻ ചാരവിമാനം ഗുജറാത്തിനടുത്തുള്ള കച് പ്രദേശത്ത് വെടി വച്ചിട്ട് അവിടെ കടൽത്തീരത്തു കിടന്നാണ് മരിച്ചത്. അവരുടെ രണ്ടു മക്കളിൽ ഇളയവൻ പൈലറ്റാണ്. അച്ഛൻ പെങ്ങളുടെ മൂത്ത മകളുടെ മകനും ആർമിയിൽത്തന്നെ .ലഫ്റ്റനന്റ് കേണൽ . മറ്റൊരു അച്ഛൻ പെങ്ങളുടെ ഭർത്താവും സി.ആർ പി എഫിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ മേജർ ജനറലായാണ് റിട്ടയർ ചെയ്തത്.

ഏഡ് (ഹെഡ് കോൺസ്റ്റബിളിന്റെ ചുരുക്കം ) കൃഷ്ണപിള്ളയുടെ വംശാവലി.
മറ്റൊരു അച്ഛൻ പെങ്ങളുടെ ഭർത്താവും സി.ആർ പി.എഫിൽ.
അച്ഛന്റെ കുഞ്ഞമ്മ വല്യമ്മ മക്കളിൽ ചിലരുമുണ്ട് പല ബറ്റാലിയനുകളിലായി . ഏഡ് മുതൽ പോലീസ് കമ്മീഷണർ വരെ. ലഫ്റ്റന്റ് കേണൽ മുതൽ മേജർ ജനറൽ വരെ .അസിസ്റ്റന്റ് കമാൻഡന്റായും പൈലറ്റായും ഒക്കെ… ഭർത്തൃബന്ധുക്കൾക്കിടയിലും ഉണ്ട് പട്ടാളത്തിലും പോലീസിലും നേവിയിലും ചിലർ .. പറഞ്ഞു വന്നതിതാണ്.

പോലീസ് ഞങ്ങൾക്ക് പുല്ലല്ല. ആത്മാവിന്റെ അയൽക്കാർ തന്നെയാണ്..

അതുകൊണ്ടുതന്നെ പൊടുന്നനേ ഒരു പ്രശ്നമുണ്ടായപ്പോൾ സമീപത്തുള്ള പോലീസ്സ്റ്റേഷനിലേക്ക് കയറിച്ചെല്ലാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല. പോരാത്തതിന് ഭർത്താവിന്റെ അനിയൻ അവിടുണ്ട്. അവനാണ് അവിടെച്ചെന്നൊരു പരാതി കൊടുക്കെന്നു പറഞ്ഞത്.

സംഭവം ഇത്രേയുള്ളൂ . ദുരിതാശ്വാസ ക്യാമ്പിലേക്കയയ്ക്കനുള്ള 150 കിലോ അരി ,കുറച്ചു പലവ്യഞ്ജനങ്ങൾ 10 കിലോ തേങ്ങ ,ധാന്യങ്ങൾ എന്നിവ രണ്ടിടങ്ങളിൽ നിന്നായി ഒരോട്ടോയിൽക്കയറ്റി വിട്ടു. എത്തേണ്ടിടവും പറഞ്ഞു കൊടുത്തു. ഓട്ടോയ്ക്കു വഴി കാണിച്ച് ടൂവീലറിൽ മുൻപേ ഞങ്ങൾ പോരുകയും ചെയ്തു. ഏതോ ട്രാഫിക് ബ്ലോക്കിൽ ഓട്ടോയുടെ കാഴ്ച മറഞ്ഞു. ആകെ എനിക്കോർമയുണ്ടായിരുന്നത് നമ്പർ മാത്രമാണ്. ഓടിച്ചിരുന്നതൊരു വനിതയും. പറ്റിച്ചു കടന്നുകളഞ്ഞതല്ലെന്നുറപ്പ്. പക്ഷേ സാധനത്തിന് സാധനം വേണ്ടേ? സ്‌റ്റേഷനിൽ എത്തുമ്പോൾ പരിചയക്കാരേറെ എല്ലാവരും ക്ഷമയോടെ കാര്യങ്ങൾ കേട്ടു .
ഓട്ടോഡ്രൈവറുടെ പേര് ചോദിക്കാത്തത് ഫോൺ നമ്പർ ചോദിക്കാത്തത് ശരിയായില്ലെന്നു പറഞ്ഞു തന്നു.

വയർലെസ് സന്ദേശം നൽകി. കൃത്യമായ ,അച്ചടക്കത്തോടെയുള്ള സ്വാർത്ഥരഹിതമായ ആ പെരുമാറ്റം ഞങ്ങളെ ( എന്നെയും സഹപ്രവർത്തകയെയും) തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്.
മുക്കാൽമണിക്കൂറിനുള്ളിൽ ഓട്ടോ കണ്ടെത്തി. പാവം വിജയലക്ഷ്മി എന്ന ആ ഡ്രൈവർ കളക്ഷൻ സെൻറർ തപ്പി നടക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനു വശത്ത് ഭരണസിരാകേന്ദ്രത്തെ നോക്കിക്കൊണ്ടു സദാ പ്രവർത്തനനിരതമായിരിക്കുന്ന ഒരു സ്റ്റേഷനിൽ നിന്ന് കിട്ടിയ പരിഗണന ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

Read Also: ഭാര്യയെ വെട്ടിയശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആരുടെയും ഡെസിഗ്നേഷനോ പേരോ (നാലു പേരുടേതൊഴികെ) എനിക്കറിയില്ല. അറിയുന്ന നാലുപേരിൽ ഒരാൾ അനിയൻ, മറ്റെയാൾ സുഹൃത്തിന്റെ സുഹൃത്ത്, മൂന്നാമത്തെയാൾ അയൽവാസിയും ഭർത്താവിന്റ അധ്യാപകന്റെ മകനും ‘ നാലാമത്തെയാൾ ഭർത്താവിന്റ ശിഷ്യൻ . എന്തു തന്നെയാകട്ടെ ജീവിതത്തിൽ നാലു തവണ നിസ്സാരങ്ങളായ ചില പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ കയറിയതൊഴികെ പോലീസ് സ്റ്റേഷൻ എനിക്ക് പരിചിത സ്ഥലമല്ല.

പിന്നെ എല്ലാക്കൊല്ലവും മലയിൻകീഴ്ക്ഷേത്രത്തിലെ ആറാട്ടുദിവസം പോലീസ്സ്റ്റേഷനിൽ വയ്ക്കുന്ന പായസവിതരണത്തിൽ പങ്കെടുക്കാനാണ് ഞാൻ സ്റ്റേഷന്റെ പടി ‘ചവുട്ടിയിട്ടുള്ളത്. അപ്പോ പേരറിയാത്ത , ചിരിച്ച മുഖമുള്ള കാക്കിക്കുപ്പായക്കാരേ!
നിങ്ങൾക്ക് സ്തുത്യർഹസേവനത്തിന് ഒരു ബിഗ് സല്യൂട്ട് ‘ വിജയലക്ഷമീ, വഴി തെറ്റിയിട്ടും സാധനങ്ങൾ കൃത്യമായി എത്തിച്ചതിന് ഒരു ബിഗ് സല്യൂട്ട് നിങ്ങൾക്കും.

വിവര്‍ത്തകയും ബാലസാഹിത്യകാരിയുമാണ് ഡോ. സി രാധിക. 

shortlink

Related Articles

Post Your Comments

Related Articles


Back to top button