പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ മലയാളികളെ വേട്ടയാടുന്നതിനിടെയാണ് ഒന്‍പതുവയസുകാരനെ പിതൃസഹോദരന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന ക്രൂരകൃത്യവും പുറത്തുവരുന്നത്. സ്വന്തം ജ്യേഷ്ഠന്റെ മകനെ പണത്തിന് വേണ്ടി കൊലപ്പെടുത്തിയയാളെ പൊലീസ് കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാതൊരു മനസലിവുമില്ലാതെ കുട്ടിയെ ഇയാള്‍ കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിയുകയാണുണ്ടായത്. ഉത്തരേന്ത്യയിലോ അമേരിക്കയിലോ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളിലോ അല്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്നെയാണ് ഈ കണ്ണില്ലാത്ത ക്രൂരത നടന്നത്.
തന്റെ കടം വീട്ടുന്നതിന് സ്വന്തം സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോവുക, മോചന ദ്രവ്യം ആവശ്യപ്പെടാന്‍ തീരുമാനിക്കുക, തുടര്‍ന്ന് പദ്ധതി പൊളിയുമെന്ന് ആയപ്പോള്‍ കുട്ടിയെ നിഷ്കരുണം ഇല്ലാതാക്കുക. എങ്ങനെയാണ് ഒരു മനുഷ്യമനസാക്ഷിക്ക് ഇതിന് കഴിയുക. മാനസിക വൈകൃതമെന്നോ, പണത്തിനു വേണ്ടിയുള്ള ക്രൂരതയെന്നോ എന്തു പേരിട്ടാണിതിനെ വിളിക്കേണ്ടത്. മലയാളി സമൂഹത്തിന് ഇതാദ്യമല്ല, ഇങ്ങനെയുള്ള ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
സ്വത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ജയ, സ്വന്തം സുഖത്തിനും അവിഹിതബന്ധങ്ങള്‍ക്കും വേണ്ടി മക്കളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യ, ആസ്ട്രല്പ്രൊജക്ഷന്റെ ഭാഗമായി അച്ഛനെയും അമ്മയേയും സഹോദരിയേയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേഡല്‍ ജിന്സണ്, നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ക്രൂരമായി കൊല്ലപ്പെടുത്തിയ കെവിന്, തുടങ്ങി അടുത്തകാലത്തായി ക്രൂരകുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെയാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. എവിടെയാണ് തെറ്റുപറ്റുന്നത്, അല്ലെങ്കില്‍ ആര്‍ക്കാണ് തെറ്റുപറ്റുന്നത്. ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി കാട്ടില്‍ നിന്നിറങ്ങിയ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന് അയാള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന തരത്തിലേക്ക് മലയാളിയുടെ മാനസിക വൈകല്യം വളര്‍ന്നു കഴിഞ്ഞതാണ്.
Also Read: ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങളുടെ കൂട്ടത്തിൽ മുപ്പത് വർഷം പഴക്കമുള്ള ബ്രഷും: വീഡിയോ കാണാം
പണത്തിന് വേണ്ടി, അല്ലെങ്കില്‍ ലൈംഗിക സുഖത്തിന് വേണ്ടി, അതുമല്ലെങ്കില്‍ മാനസിക വിഭ്രാന്തി കൊണ്ട് ഈയടുത്ത് ഇല്ലാതായത് നിരവധി ജീവനുകളാണ്. മനുഷ്യ ജീവിതത്തിന് യാതൊരു വിലയുമില്ലെന്നാണോ? കൊല്ലത്ത് 14കാരനെ സ്വന്തം അമ്മ മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയും ഞെട്ടലോടെയാണ് നാം കേട്ടത്. മകനെ കൊലപ്പെടുത്തിയ ശേഷം കൈകാലുകള്‍ വെട്ടിനുറുക്കി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുവെന്നാണ് വാര്‍ത്ത. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് ഈ അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ കേവലം സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാന്‍ നൊന്തുപെറ്റ ഒരു അമ്മയ്ക്ക് സാധിക്കുമോയെന്ന ചോദ്യമാണ് ഇന്ന് കേരള സമൂഹം ഒന്നടങ്കം ചോദിച്ചത്. അതേസമയം കുടുംബപ്രശ്നവും സാമ്പത്തികതര്ക്കത്തിന്റേയും പേരില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മാത്യൂസ് ജോണ്‍ എന്നയാളും ക്രൂരകൊലപാതകി തന്നെ. ഇന്‍ഷുറന്‍ഷസ് തുകയ്ക്കുവേണ്ടി ദത്തെടുത്ത മകനെ എന്‍ആര്‍ഐ ദമ്പതികള്‍ കൊലപ്പെടുത്തിയവരും, മാനസിക തകരാറിലായതിനാല്‍ അച്ഛനെയും അമ്മയേയും സഹോദരിയേയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സനേയും അവിഹിതബന്ധങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വേണ്ടി മക്കളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയേയുമൊക്കെ നമുക്ക് ഇങ്ങനെ തന്നെ പറയേണ്ടതായി വരും.
എന്നാല്‍ ഇവരുടെയൊക്കെ മാനസിക നില ഒരു നിമിഷം കൊണ്ട് ഇല്ലാതാവുന്നതാണോ? അല്ല. ഒരുപക്ഷേ ഈ കുറ്റകൃത്യം ചെയ്യാന്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീണ്ട പരിശ്രമം തന്നെ ഇവര്‍ നടത്തിയിട്ടുണ്ടാവണം. രക്തബന്ധങ്ങളേക്കാളും അല്ലെങ്കില്‍ മറ്റെന്ത് ബന്ധങ്ങളേക്കാളും സ്വന്തം സുഖം സ്വന്തം നിലനില്‍പ്പ് എന്നതിനു മാത്രമാണ് ഇവരൊക്കെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളികളുടെ മാറുന്ന മനോഭാവത്തെയാണോ ഈ കുറ്റകൃത്യങ്ങളെല്ലാം വരച്ചു കാണിക്കുന്നത്. ഇത്തരത്തില്‍ ആവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമില്ലേ? എന്താണിതിന് ഒരു പരിഹാരം.
ഓരോ വീട്ടില്‍ നിന്നു തന്നെ ഇതിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. സ്വത്തിനും സമ്പത്തിനുമുപരി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കാന് പഠിക്കുക, പഠിപ്പിക്കുക. വര്‍ധിച്ചു വരുന്ന സാങ്കേതിക വിദ്യകള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. തുടങ്ങി ഇത്തരത്തിലുള്ള അക്രമവാസനകളെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ നാമോരോരുത്തരില്‍ നിന്നു തന്നെ തുടങ്ങണം. ഇനിയൊരു ക്രൂരകൃത്യ വാര്‍ത്തകളും കേള്‍ക്കാതിരിക്കട്ടെ.
Post Your Comments