തിരുവനനന്തപുരം: സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് ഡാം സുരക്ഷാ അതോരിറ്റിയാണ്. കേരളത്തില്‍ മഹാപ്രളയം വരുത്തിവെച്ചതില്‍ ഡാം സുരക്ഷാ അതോരിറ്റിക്കും അധികൃതര്‍ക്കും സംബന്ധിച്ച വീഴ്‌ച്ചകളാണെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്. തുലാമഴ ലഭിക്കാനുണ്ടായിട്ടും വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് എല്ലാ ഡാമുകളും കെഎസ്ഇബി നിറച്ചുവച്ചു. പക്ഷേ തുടര്‍ച്ചയായി മഴപെയ്തതോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിടേണ്ടി വന്നു. ട്രയല്‍ റണ്‍ നടത്താന്‍ പോലും തയ്യാറാവാതിരുന്നതോടെ എല്ലാ അതിരുകളും തകര്‍ത്തു കൊണ്ട് പുഴ ഒഴുകുന്ന സ്ഥിതി വന്നു.
ഇടുക്കി ഡാം തുറക്കുന്നതിന് മണിക്കൂറുകൾക്കുമുന്പ് ഇക്കഴിഞ്ഞ 9ന് ജലനിരപ്പ് 2399ൽ എത്തിയപ്പോൾ അന്നാട്ടുകാരൻ തന്നെയായ വൈദ്യുത മന്ത്രി എം എം മണി പറഞ്ഞത് പരമാവധി വെള്ളം പിടിച്ചു നിര്‍ത്തി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു. എന്നാല്‍ പറഞ്ഞ് നാവടക്കും മുന്പ് ഇടുക്കി ഡാമിന്‍റെ ആദ്യ ഷട്ടർ തുറക്കേണ്ടി വന്നു. പക്ഷേ ഏതാനം ദിവസം മുന്പ് ജലനിരപ്പ് 2395 ൽ എത്തിയപ്പോൾ ട്രയൽ റൺ നടത്തണമെന്ന് പ്രദേശവാസികളടക്കം ആവശ്യപ്പെട്ടതാണ്. പക്ഷേ ജനങ്ങളുടെ സുരക്ഷക്കല്ല ഒറ്റത്തുളളി വെളളം കളയാതിരിക്കാനായിരുന്നു കെ എസ് ഇ ബിയുടെ നെട്ടോട്ടം.വീഴ്‌ച്ചകളിലേക്ക് വിരല്‍ചൂണ്ടുന്ന സംഭവങ്ങള്‍ നിരവധിയാണ്.
ഡാം തുറക്കുമെന്ന അറിയിപ്പ് കൃത്യസമയത്ത് നല്‍കാതിരിക്കുന്നത് മുതല്‍ തുടങ്ങുന്നു ഇക്കാര്യങ്ങള്‍. വന്‍പ്രളയത്തിന് ഇടയാക്കിയത് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെയാണ്. ഇങ്ങനെ ഷട്ടറുകള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ടുന്ന നടപടികള്‍ നിരവധിയുണ്ട്. എന്നാല്‍, പലയിടത്തും മുന്‍കരുതല്‍ നടപടികള്‍ ഇല്ലാതെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇത് ആയരങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തു. അധികാരികളുടെ ഗുരുതര വീഴ്‌ച്ചയിലേക്ക് വിരല്‍ചൂണ്ടുന്ന നിരവധി സംഭവങ്ങളുണ്ട്.
അതില്‍ ഒന്നാണ് വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ സംഭവിച്ച വീഴ്‌ച്ച.കലക്ടര്‍ പോലും അറിയാതെയാണ് ബാണാസുരയുടെ അണക്കെട്ടുകള്‍ അധികൃതര്‍ തുറന്നുവിട്ടത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടപ്പോള്‍ ജലം കുത്തിയൊഴുകി വീടുകള്‍ തകര്‍ന്നും മറ്റും ദുരിതത്തിലായത് ഏഴ് പഞ്ചായത്തില്‍ ഉള്ളവരാണ്.പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകള്‍ തകർന്നത് ഇത് കാരണമാണ്. ഒട്ടേറെ വീടുകളും റോഡുകളും തകര്‍ന്നു. പലരും ഇരുനില വീടുകളില്‍ കയറിയാണു രക്ഷപ്പെട്ടത്.
ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നതും നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. ഇടുക്കി, ഇടമലയാർ ഡാമുകളുടെ ഷട്ടറുകൾ ഒന്നിച്ചു തുറന്നതും ഇരു ഡാമുകളിലേയും ജലനിരപ്പ് പ്രായോഗിക ബുദ്ധിയോടെ വരുതിയിലാക്കാനാക്കാതെ പോയതുമാണ് പെരിയാറിന്‍റെ കരകളെ പ്രളയത്തിൽ മുക്കിയത്.
ശബരിഗിരി പദ്ധതിയിലെ മൂന്നു ഡാമുകളുടെ ഷട്ടറുകൾ ഒന്നിച്ച് തുറന്നതോടെ ഒരിക്കലും വെളളപ്പൊക്കമുണ്ടാകാത്ത ആറൻമുളയും റാന്നിയും ചെങ്ങന്നൂരുമടക്കം മുങ്ങിപ്പോയി.തുലാവർഷവും കൂടി ശേഷിക്കേയാണ് ഇടുക്കിയടക്കം ഡാമുകളിലെ ജലനിരപ്പ് പരമാവധിയിലെത്തിയത്. ഇതു തിരിച്ചറിഞ്ഞ് പ്രായോഗിക ബുദ്ധിയോടെ ജലനിരപ്പ് നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നെങ്കിൽ മഹാപ്രളയം കേരളത്തെ വിഴുങ്ങില്ലായിരുന്നുവെന്നാണ് വിലയിരുത്തൽ.
Post Your Comments