KeralaLatest News

മതിലുചാടി ശബരിമലയിൽ കയറിയതിനെ ന്യായീകരിക്കരുത്: ടി കെ നായരോട് അജയ് തറയിൽ

പന്തളം രാജകൊട്ടാരത്തിലെ സ്ത്രീകൾ ഒരിക്കലും ശബരിമലയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഓർക്കണമെന്നും അജയ് തറയിൽ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ഇന്ത്യയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോയെന്ന് കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് മുൻ അംഗവുമായ അജയ് തറയിൽ. ചിലർ മതിലുചാടി ശബരിമലയിൽ കടന്നിട്ടുണ്ട്. അങ്ങനെ മതിലുചാടി കയറിയതിനെയാണ് ടി.കെ.എ നായർ ന്യായീകരിക്കുന്നതെന്നും അജയ് തറയിൽ പറഞ്ഞു. ശബരിമലയിൽ വച്ചാണ് തന്‍റെ ചോറൂണ് ചടങ്ങ് നടത്തിയതെന്നും അമ്മയുടെ മടിയിലിരുന്നാണ് താൻ ചോറുണ്ടതെന്നും ടികെഎ നായർ പറഞ്ഞിരുന്നു.

മതിലുചാടി അകത്തുകടന്ന് ഞാൻ അപ്പം കട്ടില്ലേ എന്നു പറയുമ്പോൾ അപ്പം തിന്നത് ന്യായം എന്നതിന് അർത്ഥമില്ലെന്നാണ് ടികെഎ നായർക്കെതിരെ അജയ് തറയിലിന്‍റെ വിമർശനം. ഇന്ത്യയും ഇന്ത്യൻ ഭരണഘടനയും ഉണ്ടാകുന്നതിന് മുമ്പുള്ള ആചാരമാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കില്ല എന്നുള്ളത്. എന്നാൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. ഭരണഘടനാപരമായ സമത്വവും ലിംഗപരമായ സമത്വവുമല്ല ശബരിമലയിലെ പ്രശ്നമെന്ന് അജയ് തറയിൽ വിശദീകരിക്കുന്നു.

Don’t miss:ശബരിമല സ്ത്രീ പ്രവേശനം; നിലപാട് വ്യക്തമാക്കി ടി.കെ.എ നായർ

825 വർഷം മുമ്പ് പന്തളം രാജാവും മധുര രാജാവും കൂടി ശബരിമല ക്ഷേത്രം സ്ഥാപിച്ചപ്പോൾ മുതൽ അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയായി സന്യാസിരൂപത്തിൽ ഭസ്മത്തിൽ പൊതിഞ്ഞ് ജപദണ്ഡുമായി ഇരിക്കുന്ന പ്രതിഷ്ഠയാണ് ശബരിമലയിലേത്. പന്തളം രാജകൊട്ടാരത്തിലെ സ്ത്രീകൾ ഒരിക്കലും ശബരിമലയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഓർക്കണമെന്നും അജയ് തറയിൽ പറഞ്ഞു.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനമാണെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ശബരിമല ഉപദേശകസമിതി ചെയർമാനുമായ ടികെഎ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അജയ് തറയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button